കേന്ദ്രം കനിഞ്ഞില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് റബര്‍ ബോര്‍ഡ്


കോട്ടയം: കേന്ദ്ര സര്‍ക്കാറിന്‍െറ അവഗണനയില്‍ റബര്‍ ബോര്‍ഡ് വന്‍സാമ്പത്തിക പ്രതിസന്ധിയില്‍. വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള റബര്‍ ബോര്‍ഡിന്‍െറ വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോട്ടയത്തെ റബര്‍ ബോര്‍ഡിന്‍െറ പ്രധാന ഓഫിസിന്‍െറ പ്രവര്‍ത്തനം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന്‍െറ ഭാഗമായാണ് അവഗണനയെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ബജറ്റില്‍ 161.75 കോടി വിഹിതമുണ്ടായിരുന്നിട്ടും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്നു. ഇതിനിടെ റബര്‍ വിലയിടിവിനത്തെുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് പര്യാപ്തമായ പദ്ധതികള്‍ ആവിഷ്കരിക്കാതെ ഇക്കുറി 137.75 കോടി മാത്രമാണ് ബജറ്റ് വിഹിതമായി ഉള്‍പ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളം, ഗവേഷണം, സബ്സിഡി, പരിശീലനം തുടങ്ങിയവക്കുപോലും അനുവദിച്ച പണം തികയില്ളെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കര്‍ഷകരുമായി ബന്ധപ്പെട്ട് റബര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ വിഭാഗം, ഗവേഷണ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാകും. കൃഷി വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പുതിയ നഴ്സറി, സബ്സിഡി വിതരണം എന്നിവയുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് പ്രൊഡക്ഷന്‍ വിഭാഗമാണ്. പുതിയ ഇനങ്ങള്‍ കണ്ടത്തെുന്നതിനൊപ്പം കര്‍ഷകര്‍ക്ക് സാങ്കേതിക വിജ്ഞാനം പകരുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ഗവേഷണ വിഭാഗം.
പുതിയ തൈകളുടെ വളര്‍ച്ചയും ഉല്‍പാദനവും പഠിക്കാന്‍ തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ചുമതലയുള്ള ഗവേഷകര്‍ക്ക് സ്വന്തം പോക്കറ്റ് കാലിയാകും. കാര്‍ഷിക വളര്‍ച്ചക്ക് ഗുണകരമാകുന്ന മണ്ണ് പരിശോധനയും മുടങ്ങും.  ശാസ്ത്രീയ റബര്‍ കൃഷി, വളപ്രയോഗം, രോഗ-കീട നിയന്ത്രണം തുടങ്ങിയവയില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും കര്‍ഷകര്‍ക്ക് കൃത്യസമയത്ത് എത്തിച്ചുകൊടുക്കുന്ന ഫീല്‍ഡ് ഓഫിസര്‍മാരും ക്രമേണ പടിക്കുപുറത്താകും. ആവര്‍ത്തന കൃഷിയടക്കം പ്രോത്സാഹിപ്പിക്കുന്നതിന് റബര്‍ ബോര്‍ഡ് സജ്ജമാക്കുന്ന നഴ്സറികളുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കേണ്ടിവരും. റബര്‍ തൈകള്‍ പൂര്‍ണമായും സ്വകാര്യമേഖലയില്‍ പറിച്ചുനടുന്നതിന് വഴിയൊരുക്കും. പ്രതിസന്ധി മറികടന്ന് റബര്‍ വില വീണ്ടും ഉയര്‍ന്നാല്‍ നഴ്സറികള്‍ പൂര്‍ണമായും സ്വകാര്യമേഖലയുടെ കുത്തകയായി മാറും. കര്‍ഷകന് ഹെക്ടറിന് 25,000 രൂപ വീതം ലഭിച്ചിരുന്ന സബ്സിഡിയും ഇനി നല്‍കില്ല. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ സബ്സിഡി അപേക്ഷ സ്വീകരിക്കേണ്ടതില്ളെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി റബര്‍ ബോര്‍ഡിന് നാമമാത്ര തുകയാണ് ബജറ്റില്‍ അനുവദിക്കുന്നത്. റബര്‍ ബോര്‍ഡ് പുന$സംഘടന എങ്ങുമത്തെിയിട്ടില്ല. ചെയര്‍മാന്‍ പദവി, റബര്‍ ബോര്‍ഡ് സെക്രട്ടറി, പ്രൊഡക്ഷന്‍ കമീഷണര്‍ എന്നിവ ഉള്‍പ്പെടെ പത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.