കള്ളപ്പണ നിക്ഷേപം: വി.എസിനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് തെളിയിക്കാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വെല്ലുവിളിച്ചു. ആരോപണം തെളിയിച്ചാല്‍ ഇപ്പോള്‍ വഹിക്കുന്ന സകല സ്ഥാനങ്ങളും താന്‍ രാജിവെക്കാം.

മാന്യതകൊണ്ട് വി.എസിനെതിരെ പല കാര്യങ്ങളും പറയുന്നില്ല. അച്ഛനും മകനുമെതിരെ പറയാന്‍ വിഷയങ്ങളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരെങ്കിലും എഴുതിക്കൊടുത്തത് വായിക്കാനേ വി.എസിന് അറിയൂ. സ്വന്തം കാര്യം മാത്രം നോക്കുന്നയാളാണ് അദ്ദേഹം. നിലനില്‍പിനായി എന്തും പറയും. സി.പി.എമ്മുകാര്‍ക്കുപോലും വേണ്ടാത്ത നേതാവാണ് വി.എസെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമുദായത്തിന്‍െറ കാര്യം പറയാന്‍ വി.എസിനു യോഗ്യതയില്ളെന്ന് വെള്ളാപ്പള്ളിയുടെ മകനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോഴ വാങ്ങിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അക്കാര്യം വി.എസിന് അന്വേഷിക്കാമായിരുന്നു. കഴിഞ്ഞ രണ്ടു പ്രാവശ്യവും എസ്.എന്‍.ഡി.പിക്കാരുടെ സഹായത്തോടെയാണ് വി.എസ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമായി പുതിയ ചങ്ങാത്ത സാധ്യതകള്‍ തേടി ഡല്‍ഹിയിലത്തെിയ ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അമേരിക്കയില്‍നിന്ന് തിരിച്ചത്തെിയതിന്‍െറ തിരക്കിലായിരുന്നതിനാല്‍  നരേന്ദ്ര മോദി ബുധനാഴ്ച വെള്ളാപ്പള്ളിക്ക് കൂടിക്കാഴ്ചക്ക് സമയം നല്‍കിയില്ല. വ്യാഴാഴ്ച കാണും. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബാന്ധവത്തിനാണ് ബി.ജെ.പിയും വെള്ളാപ്പള്ളിയും ശ്രമിക്കുന്നത്. കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമ അനാവരണം ചെയ്യുന്നതിന് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ ക്ഷണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.