തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം കുടുക്കില്‍ സഹോദരങ്ങളുടെ വീട്ടില്‍ റെയ്ഡ്

കോഴിക്കോട്: കള്ളക്കടത്ത് വിവരങ്ങള്‍ പൊലീസിന് വെളിപ്പെടുത്താതിരിക്കാന്‍ മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളുടെ വീട്ടില്‍ സിറ്റി പൊലീസ് റെയ്ഡ് നടത്തി. നടക്കാവ് സി.ഐ. പ്രകാശന്‍ പടന്നയിലിന്‍െറ നേതൃത്വത്തിലാണ് താമരശ്ശേരി കുടുക്കിലുമ്മാരത്തെ കുടുക്കില്‍ സഹോദരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കുടുക്കില്‍ ബാബു, സഹോദരങ്ങളായ അബ്ദുല്‍ റഹീം എന്ന റഹീം, നാദിര്‍ഷാന്‍ എന്ന നാദിര്‍, ജംഷാദ് എന്ന കുഞ്ഞാവ എന്നിവര്‍ വീട്ടില്‍നിന്ന് മുങ്ങിയിരിക്കയാണ്. ഇവര്‍ താമരശ്ശേരിയിലെ ഒളിസങ്കേതത്തിലുണ്ടെന്ന രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍െറ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് താമരശ്ശേരി മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

സഹോദരങ്ങളില്‍ ഒരാള്‍ ദുബൈയിലേക്ക് കടന്നതായി താമരശ്ശേരിയില്‍നിന്ന് ആരോ പൊലീസിന് വിവരം നല്‍കിയത് തെറ്റിദ്ധരിപ്പിക്കാനാണെന്ന് സംശയിക്കുന്നു. പ്രതികള്‍ക്കെതിരെ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇതിനായി നാലുപേരുടെയും പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു.

പ്രതികള്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. മുഹമ്മദ് സാനുവിനെ വധിക്കാന്‍ ഗുണ്ടസംഘങ്ങള്‍ എത്തിയ കാറുകളില്‍ ഒന്നില്‍നിന്ന് കുടുക്കില്‍ റഹീമിന്‍േറതടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
കമീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇന്നലെ സൈബര്‍സെല്‍ മുഖേന ഫോണുകളില്‍നിന്നുള്ള വിളികളുടെ വിശദാംശം ശേഖരിച്ചു. പ്രതികള്‍ സഞ്ചരിച്ച ടവര്‍ ലൊക്കേഷനുകള്‍, ഫോണിലേക്ക് വന്നതും പോയതുമായ കോളുകള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.
റഹീമിന്‍െറ ഫോണില്‍നിന്ന് മുസ്ലിം ലീഗിലെ ചില പ്രമുഖര്‍ക്ക് കോളുകള്‍ പോയതായി പൊലീസ് കണ്ടത്തെിയതായി അറിയുന്നു. നേതാക്കളുടെ ടവര്‍ ലൊക്കേഷന്‍ കമീഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്.

പൊലീസ് പിടികൂടിയ കെ.എല്‍. 56 എം. 1448 ഇന്നോവ കാറിലേതുപോലെ കുടുക്കില്‍ സഹോദരരുടെ ഉടമസ്ഥതയിലുള്ള വിവിധ കാറുകളില്‍ രഹസ്യ അറകള്‍ ഉള്ളതായി സാനു മൊഴി നല്‍കിയിരുന്നു. ഈ കാറുകള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കമീഷണര്‍ സിറ്റി ക്രൈം സ്ക്വാഡിന് നിര്‍ദേശം നല്‍കി.  നടക്കാവ് സി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്‍െറ വിവരങ്ങള്‍ ഓരോ മണിക്കൂറിലും തന്നെ അറിയിക്കണമെന്ന് കമീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.