സിസ്റ്റര്‍ അമലയുടെ കൊലപാതകം: പ്രതി കാസര്‍കോട് സ്വദേശി സതീഷ് ബാബു

പാലാ: ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്. ഇയാളുടെ ചിത്രവും അന്വേഷണ സംഘം പുറത്തുവിട്ടു. കാസര്‍കോട് മുന്നാട് കുറ്റിക്കോട്ടുകര മെഴുവാതട്ടുങ്കല്‍ വീട്ടില്‍ സതീഷ് ബാബുവിന്‍െറ (സതീഷ് നായര്‍ -38) ചിത്രമാണ് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇയാള്‍ മനോവൈകല്യമുള്ളയാളാണെന്ന് പറയുന്നു. കഴിഞ്ഞ 17ന് രാവിലെ 7.30ഓടെയാണ് സിസ്റ്റര്‍ അമലയുടെ മൃതദേഹം പാലായിലെ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്‍റിനുള്ളില്‍ കണ്ടത്തെിയത്.
കാസര്‍കോട്ടുകാരനായ ക്രിമിനല്‍ പശ്ചാത്തലമുള്ള സതീഷ് ബാബു സിസ്റ്റര്‍ അമല കൊല്ലപ്പെട്ട ദിവസം പാലായില്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ഫോണ്‍  വിവരങ്ങളില്‍നിന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.  രാത്രി മഠത്തില്‍ അപരിചിതനെ കണ്ടതായി ഒരു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. സതീഷ് ബാബുവിന്‍െറ ചിത്രം ഈ കന്യാസ്ത്രീയെ കാണിച്ച് അന്വേഷണ സംഘം പ്രതി ഇയാള്‍ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. പാലാ, കോട്ടയം മേഖലകളില്‍ പതിവായി വന്നിരുന്ന സതീഷ് ബാബുവിന്‍െറ അടുത്ത ബന്ധുക്കള്‍ മുണ്ടക്കയത്ത് ഉണ്ടത്രേ.
എട്ടു മാസം മുമ്പ് ബന്ധുക്കളെത്തേടി മുണ്ടക്കയത്ത് എത്തിയ സതീഷ് ബാബു ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മാസത്തില്‍ ഒന്നോ രണ്ടോ തവണ മുണ്ടക്കയത്തെ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. ആദ്യം മുണ്ടക്കയത്ത് എത്തിയപ്പോള്‍   രണ്ടു കാര്‍കൊണ്ടുവന്നിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്ന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. നേരത്തേ വിവാഹം കഴിച്ചിരുന്ന സതീഷ് ബാബു ഭാര്യയെ പിന്നീട് ഉപേക്ഷിച്ചു. ഇതില്‍ ഒരു കുട്ടിയുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന സതീഷ് ബാബു റിപ്പര്‍ മോഡലിലുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുള്ളത്. താന്‍ സിനിമ മേഖലയിലാണെന്നാണ് സതീഷ് ബാബു ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന  കാറുകളില്‍ ഒന്നു മുണ്ടക്കയത്തെ ഒരു ഹോട്ടല്‍ ഉടമക്ക്  വിറ്റിരുന്നു. എസ്റ്റേറ്റ് ലയത്തിലുള്ള ബന്ധുക്കള്‍ക്ക്  വാരിക്കോരി പണവും നല്‍കിയിരുന്നു. പാലായില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടതിന് പിറ്റേന്ന് മുതല്‍  ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. നേരത്തേ മഠങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മറ്റ്  ആക്രമണങ്ങള്‍ക്ക് പിന്നിലും സതീഷ് ബാബു തന്നെയാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ  സതീഷ് ബാബുവിന്‍െറ ഒരു ഫോണ്‍ പാലാ സ്വദേശിയായ യുവാവിന് 3500 രൂപക്ക് വിറ്റതായി പൊലീസ് കണ്ടത്തെി. പാലായിലെ ഒരു അലക്കുകമ്പനിയില്‍നിന്ന് പ്രതിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.  സതീഷ് ബാബുവിന്‍െറ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പഠിച്ച പൊലീസ്, നേരത്തേയും  സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്.  നേരത്തേ കൂത്താട്ടുകുളത്തുള്ള മഠത്തിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം സംഭവദിവസം സതീഷ് ബാബുവിന്‍െറ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സതീഷ് ബാബുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പാലാ ഡിവൈ.എസ്.പി (9497990051), പാലാ സി.ഐ (9497987080) എന്നിവരെയോ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.