ഹാരിസണ്‍: ചര്‍ച്ച പരാജയം, 25 മുതല്‍ എച്ച്.എം.എല്‍ പ്ളാന്‍േറഷനുകളില്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ കമ്പനിയിലെ( എച്ച്.എം.എല്‍) തൊഴിലാളി സമരം പരിഹരിക്കുന്നതിന് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ എച്ച്.എം.എല്‍ പ്ളാന്‍േറഷനുകളില്‍ സംയുക്തട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ഈമാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തീരുമാനിച്ചു.
20 ശതമാനം ബോണസ് നല്‍കണമെന്ന തൊഴിലാളികളുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ മാനേജ്മെന്‍റ് വിസമ്മതിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. അധികമായി ഒരു രൂപപോലും അനുവദിക്കാനാവില്ളെന്നായിരുന്നു ഇവരുടെ നിലപാട്. തുടര്‍ന്ന് വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ യോഗം ചേര്‍ന്നാണ് പണിമുടക്കിന് തീരുമാനിച്ചത്. എച്ച്.എം.എല്ലിന് കീഴിലെ എല്ലാ തേയില, റബര്‍ പ്ളാന്‍േറഷുകളിലും സമരം നടക്കുമെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
സമരം തുടരുന്ന സൂര്യനെല്ലി, പന്നിയാര്‍, ലോക്കാഡ് എസ്റ്റേറ്റുകളിലെ തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെ 46 ട്രേഡ് യൂനിയനുകളാണ് ലേബര്‍ കമീഷണര്‍ വിളിച്ചയോഗത്തില്‍ പങ്കെടുത്തത്. ബോണസിന് പുറമെ ശമ്പളവര്‍ധന ഉന്നയിച്ചിരുന്നെങ്കിലും 26 ന് പ്ളാന്‍േഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരുമെന്നതിനാല്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടന്നില്ല.
ലയങ്ങളിലെ അടിസ്ഥാന സൗകര്യക്കുറവ്, ആശുപത്രിയുടെ ശോച്യാവസ്ഥ, കുടിവെള്ള ദൗര്‍ലഭ്യം തുടങ്ങി നിരവധി ആവശ്യങ്ങളും ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ വ്യക്തമാക്കി.
പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലഭ്യമാകേണ്ട കാര്യങ്ങള്‍ എഴുതി തയാറാക്കി മാനേജ്മെന്‍റിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നേരത്തേ നല്‍കിയിരുന്നു.  ആനുകൂല്യങ്ങള്‍ നല്‍കും വരെ സമരം തുടരാനാണ്  തീരുമാനം.തോമസ് കല്ലാടന്‍, എ.കെ. മണി (ഐ.എന്‍.ടി.യു.സി), പി.എസ്. രാജന്‍, അഡ്വ.പി. ലാലാജി ബാബു (സി.ഐ.ടി.യു), സി.എ. കുര്യന്‍, എച്ച്. രാജീവന്‍ (എ.ഐ.ടി.യു.സി), ബി. വിജയന്‍ (ബി.എം.എസ്), പി.പി. കരീം (എസ്.ടി.യു), ഇ.വി. തങ്കപ്പന്‍ (യു.ടി.യു.സി), പി.എസ്. ചെറിയാന്‍ (പി.ഇ.യു) എന്നിവരാണ് ലേബര്‍ കമീഷണര്‍ എ.എസ്. ബിജു വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.