കന്യാസ്ത്രീയുടെ കൊലപാതകം: നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് എ.ഡി.ജി.പി

കോട്ടയം: പാലായില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍. മഠത്തിലെ സാഹചര്യങ്ങളെകുറിച്ച് അറിവുള്ള ആളാകാം പ്രതി. മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷണം പൂര്‍ത്തിയായാലേ പറയാനാവൂ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

സമാന രീതിയില്‍ ആക്രമണം നടത്തിയ കേസുകളില്‍ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരില്‍ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ കണ്ടതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സംഭവ ദിവസം മഠത്തിന്‍െറ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്‍െറ പൂട്ട് രണ്ടുതവണ തകര്‍ത്തതായി പരിശോധനയില്‍ കണ്ടെ ത്തി. കോട്ടയം എസ്.പി എസ്. സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായിട്ടാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മൃതദേഹം കീഴ്തടിയൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍ സംസ്കരിച്ചു. ഒമ്പത് മണിയോടെ തുടങ്ങിയ സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കാര്‍മല്‍ ആശുപത്രിയില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം പള്ളിയിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.