വിവാദമുണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളരുത് -സുധീരന്‍

തിരുവനന്തപുരം:  ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനേയും കണ്‍സ്യൂമര്‍ഫെഡ് എം.ഡി പദവിയില്‍ നിന്ന് ടോമിന്‍ തച്ചങ്കരിയേയും നീക്കിയതിലുള്ള പ്രതിഷേധം പറയാതെ പറഞ്ഞ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളരുതെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എല്ലാ കാര്യങ്ങളിലും തനിക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ട്. ഈ അഭിപ്രായങ്ങള്‍ അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അരുവിക്കരയില്‍ നേടിയ വിജയത്തിന്‍െറ സ്പിരിറ്റ് ഉള്‍ക്കൊണ്ടുവേണം മുന്നോട്ടുപോവാന്‍. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പുനഃസംഘടന നിര്‍ത്തിവെക്കാന്‍ ഹൈകമാന്‍റിന്‍െറ ഭാഗത്തുനിന്ന് ഇതുവരെയും തനിക്ക് നിര്‍ദേശം ലഭിച്ചിട്ടില്ല. ഹൈകമാന്‍റിന്‍െറ തീരുമാനം സന്തോഷപൂര്‍വം സ്വീകരിക്കും. തൃശൂര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അങ്കമാലിയില്‍ യോഗം ചേര്‍ന്നതിനെ പറ്റിയും സുധീരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് നല്ലത് വരുന്ന കാര്യമാണെങ്കില്‍ ചര്‍ച്ചയില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെങ്കിലും സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.