കന്യാസ്ത്രീയുടെ കൊലപാതകം: ഒരാള്‍ മാഹി പൊലീസില്‍ കീഴടങ്ങി

മാഹി: പാലാ ലിസ്യു കോണ്‍വെന്‍റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് താനെന്ന് പറഞ്ഞ് ഒരാള്‍ പൊലീസില്‍ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് മാഹി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് താനാണെന്ന് നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു.

മാഹി പൊലീസില്‍ നിന്നു ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പാലായില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മാഹിയിലേക്ക് തിരിച്ചു.

അതേസമയം, പാലാ ലിസ്യു കോണ്‍വെന്‍റില്‍ മുമ്പും സമാനമായ രീതിയില്‍ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായതായി പൊലീസ് പറഞ്ഞു. സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ആക്രമണം. അന്നത്തെ ആക്രമണത്തില്‍ 72 വയസുള്ള കന്യാസ്ത്രീയുടെ തലക്കാണ് പരിക്കേറ്റത്. രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം.

മഠത്തിലെ മുറികളില്‍ നടത്തിയ പരിശോധനയിലാണ് കന്യാസ്ത്രീയുടെ മുറിയിലെ തലയിണയില്‍ രക്തപ്പാടുകള്‍ പൊലീസ് കണ്ടത്. ഇതേക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും ഓര്‍മക്കുറവുള്ളതിനാല്‍ കന്യാസ്ത്രീയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല.  ഈ രണ്ട് സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരാളാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മൂന്നാം നിലയിലെ സിസ്റ്റര്‍ അമലയുടെ മുറിയുടെ വാതിലില്‍ നിന്നാണ് വിരലടയാള വിദഗ്ധര്‍ക്ക് ലഭിച്ചത്. കൂടാതെ മഠത്തിലെ ഭിത്തിയില്‍ സ്ഥാപിച്ച പൈപ്പലിലൂടെ ആരോ കയറിയ പാടുകള്‍ വ്യാഴാഴ്ച പൊലീസ് കണ്ടെ ത്തിയിരുന്നു.

മഠത്തില്‍ താമസിക്കുന്ന കന്യാസ്ത്രീകളെയും ജോലിക്ക് എത്തുന്നവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.