ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

വെട്ടത്തൂര്‍ (മലപ്പുറം): ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദ അറബിക് കോളജ് വിദ്യാര്‍ഥിയും കൊണ്ടോട്ടി മുതുവല്ലൂര്‍ മൂച്ചിക്കല്‍ തവരക്കാടന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മകനുമായ അമീറുദ്ദീനാണ് (12) മരിച്ചത്. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്ന അമീറുദ്ദീന്‍ വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് മരിച്ചത്.
കോളജില്‍ താമസിച്ച് പഠിക്കുന്ന കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായിരുന്ന കല്‍പകഞ്ചേരി തെക്കന്‍കുറ്റൂരിലെ മുഹമ്മദ് മുനീറുദ്ദീന്‍ (10) പനിയും തൊണ്ടവേദനയും കാരണം സെപ്റ്റംബര്‍ ആറിന് മരിച്ചിരുന്നു. സമാന രോഗലക്ഷണങ്ങളുമായി അമീറുദ്ദീനെ കോഴിക്കോട് മെഡിക്കന്‍ കോളജില്‍ ചികിത്സക്കത്തെിച്ചതിന് ശേഷം മുനീറുദ്ദീന്‍െറ മരണകാരണവും ഡിഫ്തീരിയാകാമെന്ന് ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്, കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് പരിശോധിച്ചു.
രോഗലക്ഷണങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 10ന് 29 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനക്കത്തെിച്ചിരുന്നു. ഇതില്‍ മൂന്ന് കുട്ടികള്‍ അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. 14 കുട്ടികളെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വെട്ടത്തൂരിലെ മുഴുവന്‍ കുട്ടികളെയും ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അസുഖം ഭേദമായതിനാലാണ് ഇവര്‍ ആശുപത്രി വിട്ടതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
തൊണ്ടയിലെ സ്രവം പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച മലപ്പുറം കാളമ്പാടി കോട്ടുമല അറബിക് കോളജ്, വെട്ടത്തൂര്‍ അറബിക് കോളജ് എന്നിവിടങ്ങളിലെ ഓരോ കുട്ടികള്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്‍െറ നിരീക്ഷണത്തിലാണ്. വൈകീട്ട് 5.30ഓടെ മൃതദേഹം മറവ് ചെയ്തു. മയ്യിത്ത് നമസ്കാരത്തിന് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്‍കി. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. നഫീസയാണ് മരിച്ച അമീറുദ്ദീന്‍െറ മാതാവ്. സഹോദരങ്ങള്‍: അസ്ലം, അര്‍ഷിദ ബാനു, അഫ്ലഹ്, അംജദുദ്ദീന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.