സി.പി.എമ്മിന്‍െറ അബദ്ധങ്ങള്‍ മഞ്ഞപുതച്ചു നടക്കുന്ന ചിലര്‍ക്ക് കരുത്താവുന്നു -ചന്ദ്രചൂഡന്‍

തിരുവനന്തപുരം: സി.പി.എമ്മിന്‍െറ അബദ്ധങ്ങള്‍ മഞ്ഞപുതച്ചു നടക്കുന്ന ചിലര്‍ക്ക് കരുത്ത് പകരുന്നുവെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി പ്രഫ: ടി.ജെ. ചന്ദ്രചൂഡന്‍. കെ. പങ്കജാക്ഷന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അവസാനിക്കുന്നത് കൃഷ്ണജയന്തിക്കല്ല. ചെയ്യുന്നത് തുറന്നുപറയാനുള്ള ആര്‍ജവം ഉണ്ടാകണം. മാറിയ സാഹചര്യത്തില്‍ തങ്ങളും ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കുന്നതെന്ന് തുറന്നു പറഞ്ഞാല്‍ ആരും തല വെട്ടുമായിരുന്നില്ല. അതിനുപകരം ഓണം ആഘോഷിക്കുന്നുവെന്നല്ല പറയേണ്ടിയിരുന്നത്. അതുംപറഞ്ഞ് ശ്രീനാരായണ ഗുരുവിനെപ്പോലെ ജനങ്ങള്‍ ആരാധിക്കുന്നവരെ കുരിശിലേറ്റുകയല്ല വേണ്ടത്. അതിന് തലയില്‍ ആള്‍താമസവും വിവേകവുമുള്ള നേതൃത്വമുണ്ടാകണം. ഉപദേശിക്കാന്‍ ആര്‍.എസ്.പിയെപ്പോലൊരു പാര്‍ട്ടിയില്ലാത്തതിനാല്‍ സി.പി.എം തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങുകയാണ്. നേതൃത്വത്തിന്‍െറ തലക്കകത്ത് ആള്‍താമസം ഉണ്ടായാലേ ഒഴിവാക്കേണ്ടത് ഒഴിവാക്കാന്‍ കഴിയൂ. സി.പി.എമ്മിനുണ്ടാകുന്ന ഏത് ദോഷവും ഇടതുപക്ഷത്തെ മൊത്തത്തില്‍ ബാധിക്കും. അതിനാലാണ് ഡല്‍ഹിയിലിരിക്കുന്നവര്‍ വരെ മാപ്പുപറയേണ്ടിവന്നത്. ആര്‍.എസ്.പിയെപ്പോലൊരു പ്രസ്ഥാനമില്ലാത്തതാണ് കേരളത്തിലെ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്നമെന്നും ചന്ദ്രചൂഡന്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.