കരിപ്പൂര്‍ വിമാനത്താവള വികസനം: ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

കരിപ്പൂര്‍: വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കാനുള്ള സ്ഥലങ്ങള്‍ ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ഇ. അഹമ്മദ് എം.പിയുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം പള്ളിക്കല്‍, നെടിയിരുപ്പ് ഗ്രാമപഞ്ചായത്തുകളിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ഭൂമി വിട്ടുനല്‍കുന്നവരുടെ പ്രശ്നങ്ങള്‍ കേട്ടതും.

നിലവില്‍ ഭൂമിയേറ്റെടുക്കുന്നതിനായി വിജ്ഞാപനം ഇറക്കിയ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കുമ്മിണിപ്പറമ്പ്, കൊടിയംപറമ്പ്, വെണ്‍കുളം എന്നിവിടങ്ങളിലും റണ്‍വേ വികസനത്തിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന പാലക്കാപറമ്പിലുമാണ് എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചത്. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമായി 157 ഏക്കര്‍ ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. ആഗസ്റ്റ് 19ന് മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകസംഘം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

‘96ലെ വികസനത്തിനായി ഭൂമി വിട്ടുനല്‍കി വര്‍ഷങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത വിഷയം ജനങ്ങള്‍ സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഭൂമി വിട്ടുനല്‍കിയിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ തങ്ങളുടെ രേഖകളെല്ലാം സമരസമിതി നേതാക്കളെ ഏല്‍പ്പിക്കാന്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അറിയിച്ചു. കൃത്യമായ രേഖകളുള്ളവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇ. അഹമ്മദ് എം.പി കലക്ടര്‍ക്കും ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്കും നിര്‍ദേശം നല്‍കി.

റണ്‍വേയുടെ നീളം, വീതി എന്നിവ വര്‍ധിപ്പിക്കുന്നതിനും റണ്‍വേക്ക് സമാന്തരമായി പുതിയ ടാക്സിബേ നിര്‍മിക്കുന്നതിനും ഏപ്രണ്‍, അപ്രോച്ച് ലൈറ്റിങ് സിസ്റ്റം, ടെര്‍മിനല്‍ എന്നിവക്കുമായി 385.3 ഏക്കര്‍ ഭൂമിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്. ഇതില്‍ ടെര്‍മിനലിനായുള്ള സ്ഥലവും റണ്‍വേ വികസനത്തിനായുള്ള സ്ഥലവും സംഘം സന്ദര്‍ശിച്ചു.

ഇ. അഹമ്മദ് എം.പി, എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, കെ. മുഹമ്മദുണ്ണി ഹാജി, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുസ്തഫ തങ്ങള്‍, നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ, മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, തിരൂര്‍ ആര്‍.ഡി.ഒ ഡോ. അരുണ്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന, തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍, സമരസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.