ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശയുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ വിജ്ഞാപനത്തിന്‍െറ കാലാവധി ബുധനാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണിത്. ഇതനുസരിച്ച് കരടുവിജ്ഞാപനം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ടു നല്‍കാന്‍ രണ്ടു മാസംകൂടി ലഭിക്കും.
പരിസ്ഥിതി ലോലപ്രദേശം (ഇ.എസ്.എ) സംബന്ധിച്ച് നേരത്തേ ഇറക്കിയ വിജ്ഞാപനത്തിലും പുതിയ വിജ്ഞാപനത്തിലും മാറ്റമില്ളെന്ന് വനം പരിസ്ഥിതി മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്ഥാനം നിര്‍ണയിച്ച പരിസ്ഥിതി ലോല മേഖലകള്‍ കേന്ദ്രം അതേപടി അംഗീകരിച്ചുവെന്നാണ് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായുള്ള ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്‍െറ വാദം അംഗീകരിച്ചുവെന്നതിന്‍െറ സൂചനകളൊന്നും പുതിയ കരടു വിജ്ഞാപനത്തില്‍ ഇല്ല. കരടു വിജ്ഞാപനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും നേരിട്ടുള്ള പരിശോധനയും അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്ന് പുതിയ വിജ്ഞാപനം വ്യക്തമാക്കുന്നു.
പശ്ചിമഘട്ടത്തിന്‍െറ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് മന്ത്രാലയത്തിന്‍െറ മുഖ്യലക്ഷ്യം. മേഖലയിലെ ജനങ്ങളുടെ ജീവിതോപാധി സംരക്ഷിക്കുന്നതിനും പരിഗണന നല്‍കുമെന്ന് വിജ്ഞാപനം പറയുന്നു. കരടുവിജ്ഞാപനത്തിന്‍െറ ശിപാര്‍ശകള്‍ പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാനങ്ങളിലെ 50 ലക്ഷം വരുന്ന ജനങ്ങളുടെ സാധാരണ ജീവിതത്തെ ദോഷകരമായി ബാധിക്കില്ല. കൃഷിഭൂമിയെയും തോട്ടംമേഖലയേയും ദോഷകരമായി ബാധിക്കില്ളെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം പോലെ തന്നെ മേഖലയിലെ ജനങ്ങളുടെ വികാസവും സര്‍ക്കാറിന് മുഖ്യമാണെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.