കേരളത്തിന്റെ 'ഹൃദയ'യാത്രയിലെ വിപ്ലവം; ആദ്യ എയർ ആംബുലൻസ് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ മാത്യു അച്ചാടൻ അന്തരിച്ചു

കേരളത്തിലെ ആദ്യ എയർ ആംബുലൻസ് വഴി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മാത്യു അച്ചാടൻ (57) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൃശ്ശൂർ ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു, പത്ത് വർഷം മുൻപാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഓട്ടോ ഡ്രൈവറായും ചുമട്ടുതൊഴിലാളിയായും കുടുംബം പുലർത്തിയിരുന്ന മാത്യുവിന്, തന്റെ 47-ാം വയസ്സിൽ ഹൃദയസംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. തുടർന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു.

2015-ൽ നടന്ന ആ ശസ്ത്രക്രിയ കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മസ്തിഷ്‌കമരണം സംഭവിച്ച അഭിഭാഷകൻ നീലകണ്ഠ ശർമയുടെ ഹൃദയമാണ് മാത്യുവിൽ തുടിച്ചത്. റോഡ് മാർഗ്ഗം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിക്കുക എന്നത് പ്രായോഗികമായി വലിയ വെല്ലുവിളിയായിരുന്നു. ഇതേത്തുടർന്ന് അന്നത്തെ എം.എൽ.എ ഹൈബി ഈഡൻ വഴി ബന്ധുക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബന്ധപ്പെടുകയും, സർക്കാരിന്റെയും നാവികസേനയുടെയും ഇടപെടലിലൂടെ ഹെലികോപ്റ്റർ സൗകര്യം ലഭ്യമാക്കുകയുമായിരുന്നു. വെറും 35 മിനിറ്റുകൊണ്ട് വ്യോമമാർഗം ഹൃദയം കൊച്ചിയിൽ എത്തിച്ചതും മാത്യു അച്ചാടൻ പുതുജീവിതത്തിലേക്ക് തിരികെ വന്നതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. അന്ന് നീലകണ്ഠ ശർമ്മ നൽകിയ ആ ജീവത്തുടിപ്പുമായി പത്ത് വർഷത്തോളം ആരോഗ്യവാനായി കഴിഞ്ഞ ശേഷമാണ് ഇപ്പോൾ മാത്യു വിടവാങ്ങിയത്.

Tags:    
News Summary - A Revolution in Kerala’s ‘Heart’ Journey; Mathew Achadan, Who Gained a New Life Through the First Air Ambulance Surgery, Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.