തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകരുടെ മർദ്ദനമേറ്റെന്ന ആരോപണത്തിൽ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആയുധം കൊണ്ട് മന്ത്രിയെ ആക്രമിച്ചുവെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും താന്‍ കാണുമ്പോള്‍ മന്ത്രി അവശയായിരുന്നെന്നും സ്പീക്കര്‍ പറഞ്ഞു. സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറി പോകാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെ.എസ്.യു പെണ്‍കുട്ടികള്‍ സമരത്തിന് വന്നില്ലെന്നും സ്പീക്കര്‍ ചോദിച്ചു.
'സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറിപ്പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ കാണുമ്പോള്‍ ആരോഗ്യമന്ത്രി അവശയായിരുന്നു. ആയുധം കൊണ്ട് അവരെ ആക്രമിച്ചുവെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെണ്‍കുട്ടികല്‍ സമരത്തിന് വന്നില്ല. അവര്‍ക്ക് പെണ്‍കുട്ടികളില്ലേ? സമരത്തില്‍ പങ്കെടുക്കുമ്പോള്‍ ജയിലില്‍ കിടക്കേണ്ടിവരും. ജയിലില്‍ കിടത്തിയത് എന്തോ വലിയ അപരാധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യത്തില്‍ സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്യും'. സ്പീക്കര്‍ വ്യക്തമാക്കി.
സംഭവത്തിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് മന്ത്രിയുടെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നായിരുന്നു മന്ത്രിയുടെ മൊഴി. ഇതോടെ ഗൺമാന്‍റെ മൊഴില വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമായി.
ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലോ ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടെത്താനായിരുന്നില്ല. സുരക്ഷയ്ക്കായെത്തിയ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമം നടന്നതായി പറഞ്ഞിരുന്നില്ല.
ഫെബ്രുവരി 25-ന് നടന്ന സംഭവത്തില്‍ 26-ന് പുലര്‍ച്ചെ ജില്ലാ പ്രസിഡന്റ് അടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലായത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തിൽ, കേസിൽ ചുമത്തിയ വധശ്രമ കുറ്റം ഒഴിവാക്കിയാകും റെയിൽവേ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.