വിവാദ നിശ്ചലദൃശ്യം: സി.പി.എം ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കണ്ണൂരില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍തറച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംഭവത്തില്‍ സി.പി.എം കേന്ദ്രനേതൃത്വം ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ പ്രാദേശികനേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന  അവയ്ലബ്ള്‍ പോളിറ്റ്ബ്യൂറോ, പാര്‍ട്ടിക്ക് പ്രദേശികതലത്തില്‍ വീഴ്ചപറ്റിയെന്ന് വിലയിരുത്തിയതിനു പിന്നാലെയാണ് കേന്ദ്രനേതൃത്വം നേരിട്ട് ഖേദപ്രകടനം നടത്തിയത്.

അതേസമയം, ഗുരുവിനെ സി.പി.എം അപമാനിച്ചുവെന്നാരോപിച്ച് ഡല്‍ഹിയില്‍ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനു മുന്നില്‍ എസ്.എന്‍.ഡി.പി ഡല്‍ഹി യൂനിയന്‍ പ്രതിഷേധപ്രകടനം നടത്തി. പ്ളക്കാര്‍ഡുകളേന്തി പ്രാര്‍ഥനയോടെ തുടങ്ങിയ പ്രതിഷേധത്തില്‍ സി.പി.എമ്മിനെതിരെ മുദ്രാവാക്യം വിളിച്ചു. എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയെ കണ്ട് പ്രതിഷേധം അറിയിക്കുന്ന നിവേദനവും കൈമാറി. പ്രതിഷേധക്കാര്‍ക്കൊപ്പം വി.എച്ച്.പിയുടെ പോഷകസംഘടന ഹിന്ദു ഹെല്‍പ്ലൈന്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലത്തെിയശേഷം ചേരുന്ന പോളിറ്റ്ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞതായി സമരക്കാര്‍ പറഞ്ഞു. പ്രതിഷേധത്തിന് എസ്.എന്‍.ഡി.പി ഡല്‍ഹി യൂനിയന്‍ പ്രസിഡന്‍റ് ടി.പി. മണിയപ്പന്‍, സെക്രട്ടറി കല്ലറ മനോജ്, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സി. ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

കൂവോട് നടന്ന ഓണാഘോഷ സമാപനച്ചടങ്ങിന്‍െറ സാംസ്കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യം തെറ്റിദ്ധാരണക്ക് ഇട നല്‍കുന്നതാണെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഗുരുദര്‍ശനങ്ങളോട് ബഹുമാനമുള്ള പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടിയുമായി അനുഭാവംപുലര്‍ത്തുന്ന ശ്രീനാരായണീയരെ അകറ്റാനുള്ള നീക്കമാണ് വിവാദത്തിന് പിന്നില്‍. പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം വിജയിക്കില്ല.

നിശ്ചലദൃശ്യവുമായി ബന്ധപ്പെട്ട് ആക്ഷേപമുയര്‍ന്നപ്പോള്‍തന്നെ സംസ്ഥാന, ജില്ലാനേതൃത്വം വിശദീകരിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും, വിവാദം വളര്‍ത്തുന്നതിനു പിന്നില്‍ ശ്രീനാരായണീയരെ ബി.ജെ.പിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ്. അതിനാല്‍, വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.