തച്ചങ്കരിയെ മാറ്റിയത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു. തച്ചങ്കരിയുടെ സ്ഥലം മാറ്റം വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി കുറിപ്പെഴുതിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തു വരികയായിരുന്നു. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടില്ളെന്നും, അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ വിശദീകരണം. മുഖ്യമന്ത്രി ഒപ്പിടാത്തതിനാല്‍ തച്ചങ്കരി ഇപ്പോഴും കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ തീരുമാനത്തില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ളെന്നും ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും സി.എന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.സ്ഥാനമാറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറി കുറിപ്പെഴുതിയത് മന്ത്രിസഭ തീരുമാനമില്ലാതെയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ചീഫ്സെക്രട്ടറിയെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.

റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എം.ഡി എസ്. രത്നകുമാറിന് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയുടെ അധികച്ചുമതല നല്‍കിയതായാണ് സര്‍ക്കാര്‍ അറിയിച്ചത്. മാര്‍ക്കറ്റ് ഫെഡ് എം.ഡിയായ തച്ചങ്കരിക്ക് കെ.ബി.പി.എസ് എം.ഡിയുടെ അധികച്ചുമതല നല്‍കി. എറണാകുളം കലക്ടര്‍ എം.ജി. രാജമാണിക്യമാണ് നിലവില്‍ കെ.ബി.പി.എസിന്‍െറ എം.ഡി സ്ഥാനം വഹിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയും പ്രസിഡന്‍റ് ജോയി തോമസും ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു. ഓണച്ചന്ത നടത്തിപ്പിനെപോലും ഇതു കാര്യമായി ബാധിച്ചിരുന്നു. കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രശ്നമായി ഇത് ഉയരുകയും ചെയ്തു.

ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍െറ മകന്‍ രാഹുലിനെ കെ.ബി.പി.എസ് എം.ഡിയായി നിയമിക്കാനും ഇതിനിടെ നീക്കം നടന്നു.  കെ.ബി.പി.എസ് എം.ഡിയായി തച്ചങ്കരിയെ നിയമിക്കുന്ന വിഷയം മന്ത്രിസഭായോഗത്തില്‍ വന്നപ്പോള്‍ ആദ്യം മന്ത്രി കെ.പി. മോഹനന്‍ വിയോജിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ നിലപാട് എടുക്കുകയായിരുന്നു. തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ഈ ഘട്ടത്തിലാണ് സി.എന്‍. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. 2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ടോമിന്‍ തച്ചങ്കരിയെ കെ.ബി.പി.എസ് സി.എം.ഡിയായി നിയമിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.