രാജി വെക്കില്ല ^കെ.എം മാണി

കോട്ടയം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്നുള്ള വിജിലന്‍സ് കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എം മാണി. താന്‍ ഒരിക്കലും അന്വേഷണത്തിന് തടസ്സം നിന്നിട്ടില്ല. കോടതി ഉത്തരവിനെത്തുടര്‍ന്ന് രാജി വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'തനിക്കൊരു തിരിച്ചടിയുമില്ല. തുടരന്വേഷണം എന്നാല്‍ ഇനിയും വല്ലതും ഉണ്ടോ എന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത് ഒന്നു കൂടി ചികഞ്ഞു നോക്കുകയെന്നാണര്‍ത്ഥം. കോടതി അങ്ങനെ പറഞ്ഞെങ്കില്‍ അതിനര്‍ത്ഥം കുറ്റക്കാരനാണെന്നല്ല. അതിന് അന്തിമ വിധി വരണം. തുടരന്വേഷണത്തില്‍ തെളിവില്ല എന്ന് കോടതി പറഞ്ഞാല്‍ ഇനിയും അന്വേഷിക്കട്ടെ'. അന്വേഷണം 101 തവണ ആവര്‍ത്തിച്ചാല്‍ അത്രയും നല്ലതാണെന്നും മാണി വ്യക്തമാക്കി.

'കോടതി പറഞ്ഞ കാര്യങ്ങളിലേക്ക് താന്‍ കടക്കുന്നില്ല. കോടതിയുടെ അഭിപ്രായം അവര്‍ പറയട്ടെ. ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഇടത്^വലത് മുന്നണികളിലെ മന്ത്രിമാര്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും മുമ്പും വന്നിട്ടുണ്ട്. അന്നൊക്കെ ചില കീഴ്‌വഴക്കങ്ങളുണ്ടായിരുന്നു. ആ കീഴ്‌വഴ്ക്കങ്ങള്‍ എനിക്കും ബാധകമാണ്'. രാജി വെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

മുഴുവന്‍ അന്വേഷണവും നടത്തി സത്യം പുറത്തു വരണമെന്നാണ് തന്റെ ആഗ്രഹം. സത്യത്തെ മുറുകെ പിടിക്കുന്ന രാഷ്ട്രീയമാണ് തന്റേതെന്നും മാണി കൂട്ടിച്ചേര്‍ത്തു
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.