തെങ്ങില്‍ നിന്നു വീണ കണ്ണന്‍ ദുരിതക്കിടക്കയില്‍

അടൂര്‍: തെങ്ങില്‍ നിന്നുവീണ് നട്ടെല്ലും കഴുത്തും ഒടിഞ്ഞ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി സുമനസ്സുകളുടെ സഹായം തേടുന്നു. ദുരിതക്കിടക്കയില്‍ കഴിയുന്ന മകന്‍െറ അടിയന്തര ശസ്ത്രക്രിയക്ക് പണമില്ലാതെ കുടുംബം വലയുകയാണ്. പെരിങ്ങനാട് തെക്കുംമുറി പട്ടികജാതി കോളനിയില്‍ പുല്ലുംവിളയില്‍ തങ്കപ്പന്‍െറ മകന്‍ കണ്ണനാണ് (13) രോഗശയ്യയില്‍ കഴിയുന്നത്. കഴിഞ്ഞ ഓണത്തിന് ഊഞ്ഞാല്‍ കെട്ടാന്‍ പറമ്പിലെ തെങ്ങില്‍ കയറി തലകുത്തി താഴെ വീഴുകയായിരുന്നു. ശരീരത്തിന് ചലനശേഷി നഷ്ടപ്പെട്ട് 45 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ കണ്ണനെ പിന്നീട് ചികിത്സക്ക് പണമില്ലാതെ വന്നപ്പോള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണന് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ നട്ടെല്ലിനും കഴുത്തിനും അടിയന്തര ശസ്ത്രക്രിയ ചെയ്യണം. ഇതിന് ഒമ്പതു ലക്ഷത്തോളം രൂപ ചെലവുവരും. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍  ഇതിനായി ബന്ധപ്പെട്ടിട്ടുമുണ്ട്. കൂലിപ്പണിക്കാരനായ  പിതാവ് തങ്കപ്പന് ഇത്രയും വലിയൊരു തുക സ്വപ്നം മാത്രമാണ്. മകന്‍െറ ഭാവിയോര്‍ത്ത് കണ്ണീരിലാഴ്ന്ന കുടുംബത്തിന് നാട്ടുകാരാണ് ഇതുവരെ ആശ്വാസമായത്.

അടിയന്തര ശസ്ത്രക്രിയയിലൂടെ കണ്ണന്‍െറ ചലനശേഷി പൂര്‍ണമായി വീണ്ടെടുക്കാനും നിവര്‍ന്നു നില്‍ക്കാനും കഴിയുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സാ ധനസമാഹാരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67188479669. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0000060.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.