ഫീസ് നിര്‍ണയം: പ്രശ്നം സങ്കീര്‍ണമാക്കി ജയിംസ് കമ്മിറ്റിക്കെതിരെ സര്‍ക്കാര്‍ ഹരജി

കൊച്ചി: പ്രഫഷനല്‍ കോളജിലെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് ജയിംസ് കമ്മിറ്റിയുടെ അധികാരം ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈകോടതിയില്‍. കോടതി നിര്‍ദേശപ്രകാരം ജയിംസ് കമ്മിറ്റിയെടുത്ത തീരുമാനം ഭാഗികമായി നടപ്പാക്കിയതിനു പിന്നാലെയാണ് കമ്മിറ്റിയുടെ അധികാരപരിധി ചോദ്യംചെയ്ത് സര്‍ക്കാര്‍ കോടതിയിലത്തെിയത്.
ജയിംസ് കമ്മിറ്റിയുടെ ഭാഗമായ ആരോഗ്യ സെക്രട്ടിയാണ് കമ്മിറ്റിക്കെതിരെ ആദ്യം ഹരജി നല്‍കിയതെങ്കിലും ഇത് നിലനില്‍ക്കില്ളെന്ന് കോടതി നിരീക്ഷിച്ചതോടെ പകരം ചീഫ് സെക്രട്ടറിയെ ഹരജിക്കാരനാക്കി മാറ്റിയാണ് സര്‍ക്കാര്‍ കേസ് വാദത്തിനത്തെിച്ചത്. കൊച്ചി മെഡിക്കല്‍ കോളജില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കണമെന്ന നിലപാട് ചോദ്യംചെയ്യുന്ന ഹരജിയുടെ തുടര്‍ച്ചയാണ് സര്‍ക്കാര്‍ ഹരജി. 2008 -09 അധ്യനവര്‍ഷം സര്‍ക്കാറിന്‍െറ സ്വാശ്രയ മേഖലയിലുള്ള കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശം ലഭിച്ച 35 വിദ്യാര്‍ഥികള്‍ അന്നത്തെ കരാര്‍ പ്രകാരം മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച 2.40 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസായി അടക്കേണ്ടിയിരുന്നത്. ഇതിനിടെ, സ്വകാര്യ സ്വാശ്രയ കോളജുകള്‍ സുപ്രീം  കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചപ്പോള്‍ മുഹമ്മദ് കമ്മിറ്റി വാര്‍ഷിക ഫീസ് 4.35 ആക്കി വര്‍ധിപ്പിച്ചു. സ്വാശ്രയ കോളജെന്നനിലയില്‍ കൊച്ചി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ഇതേനിരക്ക് നടപ്പാക്കി. എന്നാല്‍, ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ 2.40 ലക്ഷം ഫീസ് എന്ന രീതിയില്‍ തുടരാന്‍ കോടതി ഉത്തരവിട്ടു. കോഴ്സ് പൂര്‍ത്തിയാക്കി ടി.സി വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ബാക്കി തുക അടക്കാനുള്ള നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.
കോഴ്സിന് ചേരുമ്പോള്‍ സ്വാശ്രയ മേഖലയിലായിരുന്ന കോളജ് വിദ്യാര്‍ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ കോളജായി മാറിയിരുന്നു. എങ്കിലും ഉയര്‍ത്തിയ ഫീസ് നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.
ഫീ റെഗുലേറ്ററി കമ്മിറ്റിയെന്ന നിലയില്‍ ജയിംസ് കമ്മിറ്റി വിഷയം തീര്‍പ്പാക്കാന്‍ കോടതി ഉത്തരവിട്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ സമാന പ്രശ്നം ഉയര്‍ന്നപ്പോള്‍ ഫീസ് 2.85 രൂപ അടച്ച് തീര്‍പ്പാക്കാനുള്ള തീരുമാനമാണ് രണ്ടുവര്‍ഷം മുമ്പുണ്ടായത്. ഇതേരീതിയില്‍ മൂന്നുലക്ഷം രൂപ വാര്‍ഷിക ഫീസായി നിശ്ചയിച്ച് കമ്മിറ്റി തീരുമാനമെടുത്തു. 2.40 ലക്ഷത്തിന്‍െറ ബാക്കി തുക അടക്കുന്നമുറക്ക് വിദ്യാര്‍ഥികള്‍ക്ക് ടി.സി അനുവദിക്കാനും കമ്മിറ്റി ഉത്തരവിട്ടു. ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ ബാക്കി അടച്ച് ടി.സിക്കുവേണ്ടി കാത്തിരിക്കുമ്പോഴാണ് ജയിംസ് കമ്മിറ്റി തീരുമാനത്തിന് സാധുതയില്ളെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ മേഖലയിലുള്ള കോളജിന്‍െറ ഫീസ് നിര്‍ണയകാര്യത്തില്‍ ഇടപെടാന്‍ ജയിംസ് കമ്മിറ്റിക്ക് അധികാരമില്ളെന്നാണ് സര്‍ക്കാര്‍ ഹരജിയിലെ വാദം. എന്നാല്‍, 2008 -09 കാലത്ത് സ്വാശ്രയ മേഖലയിലായിരിക്കേയുള്ള ഫീസ് സംബന്ധിച്ചാണ് കേസെന്നിരിക്കേ ഫീസ് നിര്‍ണയത്തിന് അധികാരമുണ്ടെന്നും ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഫീസ് നിര്‍ണയത്തിന് ചുമതലപ്പെടുത്തി കോടതി ഉത്തരവുണ്ടായതെന്നും കമ്മിറ്റി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.