പുറംകടല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം:സംസ്ഥാന ഏജന്‍സിക്ക് ചുമതലയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: പുറംകടലില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാന ഏജന്‍സിക്ക് അന്വേഷിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കടലില്‍ 12 നോട്ടിക്കല്‍ മൈലിനും 200 നോട്ടിക്കല്‍ മൈലിനും ഇടയിലുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണത്തിന് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഏതെങ്കിലും ഒരു  തീരദേശ പൊലീസ് സ്റ്റേഷനെ ചുമതലപ്പെടുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേന്ദ്ര ആഭ്യന്തരമാന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, നിര്‍ദേശം സംബന്ധിച്ച് സംസ്ഥാനം ഇതുവരെ മറുപടി നല്‍കിയില്ല. കേന്ദ്രത്തിന്‍െറ അധികാരപരിധിയിലുള്ള 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ അന്വേഷണം നടത്താനും കുറ്റപത്രം സമര്‍പ്പിക്കാനും സംസ്ഥാനത്തിന് അധികാരമില്ളെന്ന് ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസില്‍ സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നായിരുന്നു കേസില്‍ അന്വേഷണച്ചുമതല കേരള പൊലീസില്‍നിന്ന് ദേശീയ അന്വേഷണ എജന്‍സി ഏറ്റെടുത്തത്. കഴിഞ്ഞ ആഗസ്റ്റില്‍ നീണ്ടകരയില്‍ കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടിന്‍െറ ഉടമ കന്യാകുമാരി സ്വദേശി ഫ്രെഡി തദേവൂസ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് സംസ്ഥാന ഏജന്‍സിക്ക് അന്വേഷണച്ചുമതല എല്‍പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിര്‍ദേശമുള്ളതായി സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന് അധികാരമുള്ള തീരക്കടല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈലില്‍ പ്രത്യേക സാമ്പത്തിക മേഖല വരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാന്‍ ഒരു തീരദേശ പൊലീസ് സ്റ്റേഷനെ ചുമതലപ്പെടുത്തി വിവരം കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് വ്യക്തമാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി താര സാമുവല്‍ മറുപടിയില്‍ വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.