ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ തീരുമാനം

തിരുവനന്തപുരം: പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (കെ.പി.എച്ച്.സി.സി) മാനേജിങ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭാ യോഗ തീരുമാനം. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച്  77 വന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതായി പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ എം.ഡി സ്ഥാനം ഏറ്റെടുത്ത ശേഷം ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ഈ കെട്ടിടങ്ങള്‍ക്ക്  നോട്ടീസ് നല്‍കിയെങ്കിലും തുടര്‍ നടപടിയെടുക്കും മുമ്പ് സ്ഥാനമാറ്റമുണ്ടായി. വന്‍കിട ഫ്ളാറ്റ് ഉടമകളുടെ യോഗങ്ങളില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തതായും ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. എക്സൈസ് മന്ത്രി കെ.ബാബുവാണ് വിഷയം മന്ത്രിസഭയില്‍ ഉന്നയിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതിനോട് യോജിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ മാനദണ്ഡങ്ങള്‍ മറികടന്ന ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ജേക്കബ് തോമസ് ശക്തമായ നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ്  ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ കെ.പി.എച്ച്.സി.സി എം.ഡിയായി നിയമിച്ചത്. കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാത്തതും ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥാനമാറ്റം.

ജേക്കബ് തോമസിനെതിരായ നടപടി തനിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരാകാശ രേഖകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിക്ക് വാക്കാല്‍ ലഭിച്ച പരാതികളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് മേധാവിയുടെ ചുമതലയില്‍ നിന്ന് നീക്കിയതെന്നാണ് വിവരാവകാശ രേഖയിലുള്ളത്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി ബിനുവാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരാവകാശ രേഖ സമ്പാദിച്ചത്. രണ്ട് വര്‍ഷമായി അഞ്ച് തവണ ജേക്കബ് തോമസിന് സ്ഥാനമാറ്റമുണ്ടായെന്നും വിവരാവകാശ രേഖയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.