ഇതാ സാറേ വിനീത വിധേയനായ ഞാന്‍...

കണ്ണൂര്‍: ‘സാറേ..’ വിളികേട്ട് മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരു വിനീത വിധേയന്‍ മുന്നില്‍ നില്‍ക്കുന്നു. എന്താണ്? ഞാനിതാ വന്നിരിക്കുന്നു, അയാള്‍ പറഞ്ഞു. ആരാ മനസ്സിലായില്ല? എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. ഞാനിതാ ജീവനോടെ, അയാള്‍ പറഞ്ഞു.
 സംഭവം മനസ്സിലായി. തട്ടിക്കൊണ്ടു പോയെന്നുള്ള വാര്‍ത്തയുള്ള പേജ് മുന്നില്‍ തന്നെ മേശമേല്‍ കിടക്കുന്നു. മലയോരത്തുനിന്ന് ലേഖകന്‍ എഴുതി അയച്ചതാണ്. സാറേ എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, മത്സരിക്കണമെന്നും ഞാന്‍ വിചാരിച്ചിട്ടില്ല. ജനാധിപത്യമല്ളേ നടക്കുന്നത്. അതുകൊണ്ട് പത്രിക കൊടുത്തു. പിന്നെ നമ്മളൊക്കെ പത്രിക കൊടുത്തില്ളെങ്കില്‍ ആരും ഉത്സാഹം കാണിക്കില്ല.. അതാ കൊടുത്തത്.
‘അതുശരി നിങ്ങളുടെ പൊരക്കാര്‍ തന്നെ പറഞ്ഞതാണ് നിങ്ങളെ കാണാനില്ളെന്നും എതിര്‍ പാര്‍ട്ടിക്കാര്‍ തട്ടിക്കൊണ്ടുപോയതാണെന്നും. അതല്ളേ വാര്‍ത്ത കൊടുത്തത്.’
‘നിങ്ങ എന്താണ് സാറേ പറയുന്നത്. മ്മട നാട്ടില്‍ എതിര്‍ പാര്‍ട്ടിക്കാരില്ല. മ്മള പാര്‍ട്ടി മാത്രേയുള്ളു. മത്സരിക്കാന്‍ എതിരാളികളില്ലാത്തതിനാല്‍ മത്സരിക്കുന്നതൊക്കെ എങ്ങനെയാണെന്ന് മറക്കാതിരിക്കാന്‍ കടലാസില്‍ ഒപ്പിട്ടു പോയതാണ്.’  
അപ്പോള്‍  രണ്ടു ദിവസം വീട്ടില്‍ എത്തിയില്ളെന്നു പറഞ്ഞതോ? അതൊന്നും പറയേണ്ട സാറേ.. വീട്ടില്‍ ചില്ലറ കച്ചറ, ഒന്നു മാറിനിന്നതാ. കാണാണ്ടായപ്പോ ആരോ തട്ടിക്കൊണ്ടു പോയതാന്ന് ഓള് കരുതി. അപ്പോ ഇനി എന്താ വേണ്ടേ?  തട്ടിക്കൊണ്ടു പോയെന്ന് വാര്‍ത്ത വന്നില്ളേ അതേപോലെ തട്ടിക്കൊണ്ടു പോയില്ളെന്ന് ഒരു വാര്‍ത്ത കൂടി വേണം. ഒരു തിരുത്തായും മതി. എന്നാല്‍ ഞാന്‍ പോകട്ടേ... ആയ്ക്കോട്ടേ, പിന്നേ ഒരുകാര്യം  കൈയിലെ കെട്ടുകളും നെറ്റിയിലെ തുന്നിക്കെട്ടുമൊക്കെ എങ്ങനെ പറ്റീതാ? അതൊന്നു വീണതാ സാറേ.. തെരഞ്ഞെടുപ്പു കാലമല്ളേ, തെരക്കില് പറ്റീതാ.. ന്നാ ഞാം പോട്ടേ..  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.