തൃശൂര്‍: ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോര്‍പറേഷനിലേക്കും പത്രിക നല്‍കിയവരെ പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം തുടരുന്നു. ആവശ്യത്തിലേറെ സ്ഥാനാര്‍ഥികളുള്ള കോണ്‍ഗ്രസിനാണ് കൂടുതല്‍ പരക്കംപാച്ചില്‍. പത്രിക സൂക്ഷ്മപരിശോധന നടന്ന വ്യാഴാഴ്ച പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുന്നുണ്ടോ എന്ന ആശങ്കയേക്കാള്‍ ‘അധികപ്പറ്റായ’വരുടെ പത്രിക കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ‘തള്ളിക്കാനുള്ള’ വെപ്രാളമായിരുന്നു. ജില്ലാ കോണ്‍ഗ്രസ് ഓഫിസും പ്രാദേശിക ഓഫിസുകളും ഇത്തരം അധികപ്പറ്റുകളെക്കൊണ്ട് നിറഞ്ഞു.
അവഗണനയില്‍ പ്രതിഷേധിച്ച് ഷര്‍ട്ടൂരിയ യൂത്ത് കോണ്‍ഗ്രസുകാരാണ് ഒരു വെല്ലുവിളി. അവരെക്കൊണ്ട് വലിയ പ്രശ്നമില്ളെന്ന് പുറമെ പറയുന്നുണ്ടെങ്കിലും അത്താഴം മുടക്കാന്‍ അതു മതിയെന്ന തിരിച്ചറിവില്‍ പ്രലോഭനവും ഭീഷണിയുമായി പലരെയും സമീപിച്ചു. നഗരസഭകളില്‍ വിമതരുടെ പട കണ്ട് പാര്‍ട്ടി നേതൃത്വം ഞെട്ടിയിരിക്കുകയാണ്. ഒന്നോ രണ്ടോ ആണെങ്കില്‍ പോട്ടേന്ന് വെക്കാം. പല ഡിവിഷനിലും അഞ്ചും ആറും പേര്‍ പാര്‍ട്ടിയുടെ പേരില്‍ പത്രിക നല്‍കിയിട്ടുണ്ട്. ജയിച്ചാല്‍ നിര്‍ണായക പദവിയില്‍ എത്തുന്നവര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള വിമതരുടെ ഭീഷണിയിലാണ്.
ഇനിയും നടക്കാത്ത പുന$സംഘടന പറഞ്ഞ് കുറേ പേരെ മെരുക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ വഴങ്ങി. ശനിയാഴ്ച പത്രിക പിന്‍വലിക്കാനുള്ള സമയത്തിനകം പിന്മാറുമോ എന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസിന് പണി കൊടുക്കാന്‍ പുറപ്പെട്ടതിന് അച്ചടക്ക നടപടിയും വ്യാഴാഴ്ചയുണ്ടായി. ഒരുമനയൂര്‍ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഇടതുമുന്നണി പിന്തുണയോടെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ നേതൃത്വം നല്‍കിയതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.കെ. ജമാലുദ്ദീനെ അന്വേഷണ വിധേയമായി ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി സസ്പെന്‍ഡ് ചെയ്തു. ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ് ജമാലുദ്ദീന്‍.
എല്‍.ഡി.എഫിലും ബി.ജെ.പിയിലും വിമതശല്യം പൊതുവെ കുറവാണ്. വിമതരോട് ഒട്ടും വിട്ടുവീഴ്ച വേണ്ടെന്നാണ് എല്‍.ഡി.എഫ്, പ്രത്യേകിച്ച് സി.പി.എം തീരുമാനം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മാള ഏരിയ പുത്തന്‍ചിറ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.വി. സുജിത്ത് ലാല്‍, ടി.കെ. സുരേഷ് ബാബു എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.
ഘടകകക്ഷികള്‍ തമ്മില്‍ പ്രാദേശിക തലത്തിലെ അഭിപ്രായ വ്യത്യാസമാണ് എല്‍.ഡി.എഫിന് ചിലയിടങ്ങളില്‍ വിമതരെ സൃഷ്ടിച്ചത്. ശനിയാഴ്ച കഴിയുമ്പോള്‍ അവരൊന്നും രംഗത്ത് ഉണ്ടാവില്ളെന്നാണ് എല്‍.ഡി.എഫ് നേതൃത്വം പറയുന്നത്. ബി.ജെ.പിയും വിമത വേഷക്കാരുമായി ചര്‍ച്ചയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.