ഏകജാലക വീഴ്ച; 933 ഡിഗ്രി സീറ്റില്‍ പ്രത്യേക അലോട്ട്മെന്‍റ്

കോഴിക്കോട്: ഏകജാലക സംവിധാനത്തിലെ ഗുരുതര പിഴവു കാരണം സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന 933 ഡിഗ്രി സീറ്റുകളിലേക്ക് പ്രത്യേക അലോട്ട്മെന്‍റ് നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനം. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഡിഗ്രി പ്രവേശനടപടി പുനരാരംഭിക്കും. ഒക്ടോബര്‍ 20വരെ കോളജുകള്‍ക്ക് ഡിഗ്രിപ്രവേശം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കി.
സീറ്റൊഴിവ് വിവരം ചൂണ്ടിക്കാട്ടി ഏകജാലക ഡയറക്ടറേറ്റ് നല്‍കിയ കത്തിന് മറുപടിയായി ആക്ടിങ് വി.സി ഡോ. ഖാദര്‍ മങ്ങാടാണ് പ്രവേശനടപടി പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചത്. ഡിഗ്രി പ്രവേശം അവസാനിപ്പിച്ച ശേഷവും ആയിരത്തോളം സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാലാണ് നടപടി.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 81 സര്‍ക്കാര്‍^എയ്ഡഡ് കോളജുകളിലായി 17,110 ഡിഗ്രി സീറ്റുകളാണ് ആകെയുള്ളത്. അഞ്ച് അലോട്ട്മെന്‍റിനുശേഷവും 16,177സീറ്റുകളാണ് നികത്താനായത്. സ്വാശ്രയ കോളജുകള്‍ക്ക് സൗകര്യപ്രദമാവുന്ന തരത്തില്‍ ഏകജാലക സംവിധാനം ക്രമീകരിച്ചതാണ് പ്രശ്നമായത്. ഒന്ന്, രണ്ട് അലോട്ട്മെന്‍േറാടെ സ്വാശ്രയ കോളജുകള്‍ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കി. ഇക്കാരണത്താല്‍, സര്‍ക്കാര്‍^ എയ്ഡഡ് കോളജുകളില്‍ സീറ്റ് ഉറപ്പില്ലാത്ത നല്ളൊരു ശതമാനം പേരും സ്വാശ്രയ കോളജുകളില്‍ ചേരാന്‍ നിര്‍ബന്ധിതരായി.

സര്‍ക്കാര്‍^എയ്ഡഡ് കോളജുകളില്‍ മൂന്നാം അലോട്ട്മെന്‍റ് നടക്കുന്ന വേളയില്‍ സ്വാശ്രയ കോളജുകളില്‍ ഡിഗ്രി പ്രവേശനടപടി അവസാനിപ്പിക്കാനും നിര്‍ദേശിച്ചു. ഇതോടെ, നാല്, അഞ്ച് അലോട്ട്മെന്‍റുകള്‍ സര്‍ക്കാര്‍ കോളജുകളിലേക്ക് മാത്രമായി ചുരുങ്ങി. ഒരിടത്തും സീറ്റ് കിട്ടില്ളെന്ന ആശങ്കയില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ പോലും സ്വാശ്രയ കോളജുകളില്‍ ഉയര്‍ന്ന ഫീസ് നല്‍കി ചേരേണ്ട സാഹചര്യവുമുണ്ടായി.

നാല്, അഞ്ച് അലോട്ട്മെന്‍റുകളിലായി സര്‍ക്കാര്‍ കോളജ് കിട്ടിയവര്‍ക്ക് ഫീസ് തിരിച്ചുനല്‍കാന്‍ സ്വാശ്രയ കോളജുകള്‍ തയാറായില്ല. മൂന്നുവര്‍ഷത്തെ ഫീസ് നല്‍കിയാല്‍ ടി.സി നല്‍കാമെന്നാണ് സ്വാശ്രയ കോളജുകള്‍ വിദ്യാര്‍ഥികളോട് പറഞ്ഞത്. സര്‍ക്കാര്‍^എയ്ഡഡ്, അണ്‍എയ്ഡഡ് എന്ന മുന്‍ഗണന പ്രകാരമാണ് വിദ്യാര്‍ഥികള്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നത്. ആദ്യം സ്വാശ്രയ കോളജ് എന്ന നിലക്ക് ഈ മുന്‍ഗണന സര്‍വകലാശാല അട്ടിമറിച്ചു. ചില സിന്‍ഡിക്കേറ്റംഗങ്ങളുടെ ഒത്താശയോടെയാണ് അട്ടിമറി നടന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.