തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ കോര്‍പറേഷന്‍ ഡിവിഷനിലേക്കുള്‍പ്പെടെ മത്സരിക്കുന്നുണ്ട്
തൃശൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നത് 250ഓളം വാര്‍ഡുകളില്‍. ‘സുതാര്യവും സെലക്ടീവുമായാണ് കാര്യങ്ങള്‍ നീക്കിയത്. ജയിക്കുമെന്ന ഉറപ്പ് മാത്രമല്ല മാനദണ്ഡം. അഴിമതിക്കാരെ ആദ്യം കയറ്റിയിരുത്തുകയും പിന്നീട് പുറത്താക്കുകയും ചെയ്യുന്ന പരിപാടി നടക്കില്ളെന്നും പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പ്രഫ. സാറാ ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സുതാര്യതയും അഴിമതിവിരുദ്ധതയുമാണ് സ്ഥാനാര്‍ഥിത്വത്തിന് മാനദണ്ഡമാക്കിയത്. മത്സരിക്കുന്ന വാര്‍ഡില്‍ ഓരോ ബൂത്തിലും അഞ്ച് വളന്‍റിയര്‍മാരെങ്കിലും ഉണ്ടാവണം. വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തിയിരിക്കണം. കേരളവും സ്വന്തം നാട്ടിലെ ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും എത്രമാത്രം ഇടപെട്ടെന്നും പരിശോധിച്ചിരുന്നു. മിക്ക ജില്ലകളിലും സ്ഥാനാര്‍ഥിത്വത്തിന് ഒട്ടേറെ അപേക്ഷ കിട്ടി. മാനദണ്ഡങ്ങള്‍ വെച്ചാണ് അതില്‍നിന്ന് പറ്റിയവരെന്ന് തോന്നുന്നവരെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ കോര്‍പറേഷന്‍ ഡിവിഷനിലേക്ക് ഉള്‍പ്പെടെ മത്സരിക്കുന്നുണ്ട്. ജയിച്ചാല്‍ നിര്‍ണായകമാകാവുന്നത്ര വാര്‍ഡുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളുണ്ട്. തദ്ദേശ സ്ഥാപനത്തിലേക്ക് കിട്ടുന്ന ഫണ്ട് എത്രയെന്ന് ജനത്തോട് പറയുകയും എങ്ങനെ ചെലവഴിക്കണമെന്ന് അവരുടെ അഭിപ്രായം തേടുകയും ചെയ്യും. പാര്‍ട്ടിക്ക് സ്വാധീനമുണ്ടായാല്‍ അവിടം പൂര്‍ണമായും അഴിമതി മുക്തമാക്കും. നടപ്പാക്കേണ്ട പദ്ധതിയും പ്രദേശവും ജനപ്രതിനിധി തീരുമാനിക്കുന്നതിനു പകരം ജനം തീരുമാനിക്കും. പാര്‍ട്ടിയുടെ അഴിമതിവിരുദ്ധത ഉള്‍പ്പെടെയുള്ള നിലപാടുകളില്‍ വിശ്വാസമുണ്ടോ എന്ന പരീക്ഷണം കൂടിയാണിതെന്നും സാറാ ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.