സ്ഥാനാര്‍ഥിക്കുപ്പായമിടാന്‍ എസ്.സി, എസ്.ടി പ്രമോട്ടര്‍മാരുടെ കൂട്ടരാജി

സുല്‍ത്താന്‍ ബത്തേരി: മുമ്പൊക്കെ പ്രമോട്ടര്‍മാരാവാനുള്ള പരക്കംപാച്ചിലിലായിരുന്നു ജില്ലയിലെ ആദിവാസി യുവാക്കള്‍. വേതനം കുറവാണെങ്കിലും അഭ്യസ്ഥവിദ്യരുടെ സ്വപ്നമായിരുന്നു ഈ പണി. എന്നാല്‍, കിട്ടിയ പണി രാജിവെക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇവര്‍. സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളാവാന്‍ എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ക്കു പിന്നാലെ പായുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ജില്ലയില്‍ 15 ആദിവാസി പ്രമോട്ടര്‍മാര്‍ ജോലി രാജിവെച്ച് ഇതിനകം സ്ഥാനാര്‍ഥി കുപ്പായം അണിഞ്ഞുകഴിഞ്ഞു. ഇരു മുന്നണികളുടെയും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതോടെ കൂടുതല്‍ പ്രമോട്ടര്‍മാര്‍ രാജിവെച്ച് ഭാഗ്യപരീക്ഷണത്തിനിറങ്ങിയേക്കും.

എസ്.സി, എസ്.ടി സംവരണ വാര്‍ഡുകളില്‍ പ്രത്യേകിച്ചും വനിതകള്‍ക്ക് സംവരണം ചെയ്ത വാര്‍ഡുകളില്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ അവസാന മണിക്കൂറുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നെട്ടോട്ടമോടുകയായിരുന്നു. ഗോത്ര സമൂഹത്തിനിടയില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് ഏറെ പരിചയസമ്പത്തുനേടിയ പ്രമോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം വോട്ടുതേടിയിറങ്ങുകയെന്നത് പ്രയാസമുള്ള കാര്യമല്ല. ആദിവാസികള്‍ പൊതുവെ പൊതുസമൂഹത്തിലിറങ്ങി മുന്‍പരിചയമുള്ളവരല്ല. ഇടകലര്‍ന്നു പ്രവര്‍ത്തിക്കാനും അവര്‍ക്ക് പരിമിതികളുണ്ട്. ഏറെക്കാലമായി പൊതുസമൂഹത്തില്‍ പ്രത്യേകിച്ചും ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഇതെളുപ്പമാണ്. ഇടത്, വലത്, ബി.ജെ.പി വ്യത്യാസമില്ലാതെ ഇവരെ തേടിയിറങ്ങാന്‍ കാരണവും ഇതുതന്നെ. ആദിവാസി സംവരണ വാര്‍ഡുകളില്‍ പാര്‍ട്ടിനോക്കാതെ ഗോത്രസമൂഹത്തില്‍ നിന്നും ആളുകളെ കണ്ടത്തെി തല്‍ക്കാലം ‘വാടക’ക്ക് ഇറക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുരീതി. മുസ്ലിം ലീഗിനാവട്ടെ പാര്‍ട്ടി മെംബര്‍മാരായി ആദിവാസികള്‍ ആരും തന്നെയില്ല. പ്രമോട്ടര്‍മാരെ സ്ഥാനാര്‍ഥികളാക്കാന്‍ പാര്‍ട്ടികള്‍ മത്സരിച്ച് പണം വാരി എറിയുന്നുണ്ട്. പ്രമോട്ടര്‍ സ്ഥാനം രാജിവെച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവൂ. പക്ഷേ, മത്സരിച്ചാലും ജയം ഉറപ്പിക്കാനാവില്ല.

ഓരോ മാസവും ഓണറേറിയം ഇനത്തില്‍ ലഭിക്കുന്ന സ്ഥിരവരുമാനം നഷ്ടപ്പെടുകയും വഴിയാധാരമാവുകയും ചെയ്യുകയെന്നതാവും ഫലം. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പ്രമോട്ടര്‍ സ്ഥാനം തിരിച്ചുവാങ്ങിത്തരുമെന്നും നഷ്ടപരിഹാരം ഉറപ്പുനല്‍കിയുമാണ് പാര്‍ട്ടിനേതാക്കള്‍ പ്രമോട്ടര്‍മാരെ ചാക്കിട്ട് പിടിക്കുന്നത്. പരിചയ സമ്പന്നരായ പ്രമോട്ടര്‍മാരുടെ രാജി പട്ടികവര്‍ഗ വകുപ്പിനും വെല്ലുവിളിയായിട്ടുണ്ട്. പുതിയ പ്രമോട്ടര്‍മാരെ നിയമിക്കാനും അവരെ പരിശീലിപ്പിച്ചെടുത്ത് രംഗത്തിറക്കാനും ഏറെ പാടുപെടേണ്ടിവരും. ഏതാലായും ആദിവാസി പ്രമോട്ടര്‍മാരുടെ രാജിയുടെയും വിടപറയലിന്‍െറയും ദിവസമായി തിങ്കളാഴ്ച ജില്ലയിലെ ട്രൈബല്‍ ഓഫിസുകള്‍ മാറി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.