ഭൂമി പതിച്ചുനല്‍കല്‍ നിയമം അട്ടിമറിക്കാന്‍ വീണ്ടും നീക്കം

തിരുവനന്തപുരം: ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിലെ ചട്ടങ്ങള്‍ അട്ടിമറിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം. വിവാദത്തെതുടര്‍ന്ന് റവന്യൂവകുപ്പ് ഉത്തരവ് പിന്‍വലിച്ചതിനുപിന്നാലെയാണ് വനംവകുപ്പിന്‍െറ പുതിയ ഉത്തരവ്. 1993ലെ പ്രത്യേക ഭൂമിപതിവുചട്ടങ്ങള്‍ പ്രകാരം 1977ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കാനുള്ള നിര്‍ദേശം 2005 ജൂണ്‍ വരെയാക്കാനാണ് നേരത്തെ  റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ഇത് നിയമവിരുദ്ധമാണെന്ന് വിവാദമായപ്പോള്‍തന്നെ പിന്‍ലിച്ചു. സമാനമായ ഉത്തരവാണ് വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ബി.എസ്. കോറി സെപ്റ്റംബര്‍ 15ന് നല്‍കിയത്. അഡീഷനല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ മുതല്‍ ഡി.എഫ്.ഒ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവില്‍ അടിയന്തരമായി സര്‍വേ നടത്തി സെപ്റ്റംബര്‍ 30നകം വനഭൂമിയുടെ അതിര്‍ത്തിഭൂപടം തയാറാക്കണമെന്നാണ് പറയുന്നത്. ഹൈകോടതി ഉത്തരവ് നടപ്പാക്കാനാണ് ഉത്തരവിറക്കിയത്. ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന പരിസ്ഥിതി സംഘടനയും വനംകൈയേറ്റം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവാങ്കുളത്തെ നേച്ചര്‍ ലൈഫ് മൂവ്മെന്‍റും നല്‍കിയ പൊതുതാല്‍പര്യഹരജിയെ തുടര്‍ന്ന് 1977 ജനുവരി ഒന്നിനുശേഷം കേരളത്തിലുണ്ടായ എല്ലാ വനം കൈയേറ്റങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിപ്പിച്ചെടുക്കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വനംവകുപ്പ് ഉത്തരവിന്‍െറ രണ്ടാം ഖണ്ഡികയില്‍ 1997ജനുവരി ഒന്നിന് ശേഷമുള്ളവ ഒഴിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.  
ഇതിലൂടെ 20 വര്‍ഷത്തെ കൈയേറ്റത്തിന് ഇളവ് നല്‍കിയത് എങ്ങനെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. 1977 മുതല്‍ 15,000 ഏക്കര്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് കാലാകാലങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ സര്‍ക്കാര്‍തന്നെ സമ്മതിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ നിരവധി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചെങ്കിലും നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയും എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആറുമാസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കണം. തുടര്‍ന്നുള്ള ആറുമാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കോടതിഉത്തരവ് നടപ്പാക്കാനാണ് വനംവകുപ്പിന്‍െറ പുതിയ ഉത്തരവ്.
എന്നാല്‍, കാലപരിധി 20 വര്‍ഷം മുന്നോട്ട് ആക്കിയതോടെ വനംവകുപ്പ് കൈയേറ്റക്കാര്‍ക്കെതിരെ ഇപ്പോള്‍ കോടതിയില്‍ നിലവിലുളള പല കേസുകളിലും തിരച്ചടിയുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. അതേസമയം, യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരാകട്ടെ കൈയേറ്റമേഖലകള്‍ ഒഴിവാക്കി സംരക്ഷിതവനമേഖലയില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വേ നടത്തുന്നത്. ഓരോ ഡിവിഷനിലും സര്‍വേ നടത്തി വനഭൂമിയുടെ മാപ്പ് തയാറാക്കി 2015 സെപ്റ്റംബര്‍ 30നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. അഡീഷനല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് കണ്‍സര്‍വേറ്റര്‍, യൂനിറ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്‍റ ഉത്തരവാദിത്തം. സര്‍വേ നടത്തുന്നതിന് 700 ലധികം ജി.പി.എസ് വിതരണം ചെയ്തിട്ടുണ്ട്.
കൈയേറ്റകാലയളവ് 1997 ആയതെങ്ങനെയെന്ന കീഴുദ്യോഗസ്ഥരുടെ ചോദ്യത്തിന് ഉന്നതഉദ്യോഗസ്ഥര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.