ശ്രീകേരളവര്‍മ്മ അധ്യാപികക്കെതിരെ നടപടിയില്ല

തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ളെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. അധ്യാപിക കാമ്പസിനകത്ത് അച്ചടക്ക ലംഘനം നടത്തിയിട്ടില്ളെന്ന് പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അതേസമയം, കാമ്പസിലെ കാന്‍റീനില്‍ മാംസാഹാര വിലക്ക് തുടരാനും തീരുമാനിച്ചു.

ഈമാസം ഒന്നിന് കാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെടുത്തി മലയാളം അധ്യാപികയായ ദീപ ഫേസ് ബുക്ക് പോസ്റ്റിട്ടതാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്. അധ്യാപികക്കെതിരെ എ.ബി.വി.പി നല്‍കിയ പരാതിയില്‍ കോളജ് പ്രിന്‍സിപ്പല്‍ സി.എം. ലതയോട് സംഭവങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്.

അധ്യാപികക്കെതിരെ നടപടിക്ക് ശ്രമമുണ്ടായപ്പോള്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനോട് നടപടി എടുക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള കോളജാണ് തൃശൂരിലെ ശ്രീകേരളവര്‍മ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.