അനധികൃത സ്വത്ത്: ജനപ്രതിനിധികളെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ ആരോപണവിധേയരായ മന്ത്രിമാരെയും എം.എല്‍.എമാരെയും കക്ഷി ചേര്‍ക്കാന്‍ ഹൈകോടതി നിര്‍ദേശം. നിയമസഭയിലെ ജനപ്രതിനിധികളില്‍ പലരും അനധികൃത സ്വത്ത് സമ്പാദിച്ചതായും ഇത്  അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ളെന്ന് ചൂണ്ടിക്കാട്ടി  ഹരിതസേന സംഘടന പ്രസിഡന്‍റ് വി.ടി. പ്രദീപ് കുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.  വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പേര് ഉള്‍പ്പെട്ട ജനപ്രതിനിധികളെ കക്ഷി ചേര്‍ക്കാനാണ് സിംഗ്ള്‍ബെഞ്ച് നിര്‍ദേശിച്ചത്.
2006ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആ വര്‍ഷവും പിന്നീട് 2011ലും തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച പട്ടികയിലെ സ്വത്തു വിവരവും തമ്മില്‍ വന്‍ അന്തരമുള്ളതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍ സര്‍ക്കാറിന് വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ ബാബു വര്‍ഗീസ് ഹാജരായി. അതേസമയം, 85 എം.എല്‍.എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ സ്വത്ത് വിവരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുള്ളതായി ഹരജിയിലും പരാതിയിലും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഒമ്പതുപേരുടെ പേര്‍ മാത്രമേ പറയുന്നുള്ളൂവെന്ന കാര്യം കോടതി ഹരജിക്കാരന്‍െറ ശ്രദ്ധയില്‍പ്പെടുത്തി.
മന്ത്രിമാരായ കെ.എം. മാണി, അബ്ദുറബ്, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ തോമസ് ചാണ്ടി, വിഷ്ണുനാഥ്, പി.സി. ജോര്‍ജ്, സാജു പോള്‍, എ. കെ. ബാലന്‍ തുടങ്ങിയവരുടെ പേരുകളാണ് ഹരജിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഹരജിക്കാരന് വേണ്ടി അഡ്വ. ജോണ്‍ ജോസഫ് (റോയ്) ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.