തൃശൂര്‍: വിവാഹത്തിനുള്ള ഒരുക്കങ്ങളും കുടുംബ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി കഴിഞ്ഞ അശോകന് ഇനി ശരീരമില്ലാത്ത ജീവിതം. അശോകന്‍െറ ഹൃദയം ഏറ്റുവാങ്ങാന്‍ പഞ്ചാബിലെ റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ് കൈന്‍ ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലുണ്ട്. ഫോര്‍ട്ടിസിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. വി. ശ്രീനാഥും ഡോ. മുരളീകൃഷ്ണനും ചേര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയില്‍ അശോകന്‍െറ ഹൃദയം ഏറ്റുവാങ്ങി ചെന്നൈയിലേക്ക് യാത്ര തിരിച്ചു. ദയ ആശുപത്രി എം.ഡി ഡോ. അബ്ദുള്‍ അസീസ് ഉള്‍പ്പെടെ 20 ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.
അശോകന്‍െറ കരള്‍ ഇനി തുടിക്കുന്നത് കാലടി സ്വദേശി ജോണിയുടെ (44) ശരീരത്തിലായിരിക്കും. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ കരള്‍ രോഗിയായി ജോണി കാത്ത് കിടപ്പുണ്ട്. അശോകന്‍െറ വൃക്കകള്‍ അജ്ഞാതരായ രണ്ടു പേര്‍ക്കു വേണ്ടി ലേക്ഷോറില്‍നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. നേത്രപടലങ്ങള്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് നിശ്ചയിക്കുന്ന രണ്ടുപേര്‍ക്ക് കാഴ്ചയാകും.
കഴിഞ്ഞമാസം 27ന് വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ചെറുതുരുത്തി പൈങ്കുളം മേച്ചേരിത്തൊടി വീട്ടില്‍ പരേതനായ ഭാസ്കരന്‍െറ മകന്‍ അശോകന്‍െറ (28) ശരീര ഭാഗങ്ങളാണ് പരോപകാരത്തിനായി നാട് കടന്ന് പോയത്. നവംബര്‍ 15ന് നിശ്ചയിച്ച വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അശോകന്‍. വീട്ടുകാര്‍ അവയവ ദാനത്തിന് സമ്മതിച്ചതോടെ സര്‍ക്കാരിന്‍െറ മൃതസഞ്ജീവനി പദ്ധതി വഴി ആവശ്യക്കാരെ തേടുകയായിരുന്നു.
ദയ ആശുപത്രിയില്‍നിന്ന് ഏറെനേരം നീണ്ട ശസ്ത്രക്രിയയിലൂടെ എടുത്ത ഹൃദയം പൊലിസ് അകമ്പടിയോടെ ആംബുലന്‍സില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച് വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍മാരത്തെി ഹൃദയമെടുത്ത് തൃശൂരില്‍നിന്ന് ഹെലികോപ്ടറില്‍ ചെന്നൈയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍, കനത്ത മഴ കാരണം ആ വഴി ഉപേക്ഷിച്ചു. രാവിലെ മുതല്‍ തൃശൂരില്‍നിന്ന് നെടുമ്പാശ്ശേരി വരെയുള്ള റോഡില്‍ തിരക്കൊഴിവാക്കാന്‍ പൊലിസ് ജാഗ്രത പാലിച്ചു. ഉച്ചക്ക് 12.13നാണ് അശോകന്‍െറ ഹൃദയവുമായി ആംബുലന്‍സ് തൃശൂരില്‍നിന്ന് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.