മൈക്രോഫിനാന്‍സിലും അഴിമതി: കണക്കുവെക്കാന്‍ വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് വി.എസ്

തിരുവനന്തപുരം: കോളജ് അധ്യാപക നിയമനത്തിലെ കോഴക്ക് പിന്നാലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എസ്.എന്‍.ഡി.പിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ഗുരുതര  അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നു രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തത്  12 ശതമാനം പലിശക്കാണ്. 10 ശതമാനം ആളുകള്‍ക്ക് മാത്രമാണ് മൈക്രാഫിനാന്‍സ് വഴി വായ്പ നല്‍കിയത്. വ്യാജ രേഖ ചമച്ച് വായ്പ നല്‍കേണ്ട പണം തിരിമറി നടത്തി. ഇതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മൈക്രോഫിനാന്‍സ് തട്ടിപ്പ്  ഓഡിറ്റിങ്ങില്‍ കണ്ടത്തെിയിരുന്നു. ഇതിനെക്കുറിച്ച്  റിപ്പോര്‍ട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല.  അക്കൗണ്ടന്‍റ് ജനറലിന്‍െറ അന്വേഷണത്തിലും ക്രമക്കേട്ടുകള്‍ കണ്ടത്തെിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി  പിന്നാക്ക കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നെന്നും വിഎസ് പറഞ്ഞു.

എസ്.എന്‍  കോളജുകളിനെ നിയമനത്തിന് കോഴവാങ്ങിയെന്ന വി.എസിന്‍െറ ആരോപണത്തെ പുച്ഛിച്ച് തള്ളുന്നതായി വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെയും രൂക്ഷമായ ഭാഷയിലാണ് വി.എസ് പ്രതികരിച്ചത്. ഭള്ള് പറഞ്ഞാലും പുച്ഛിച്ച് തള്ളിയാലും അധ്യാപക നിയമനത്തിലെ വസ്തുതകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കണക്ക് ചോദിക്കുമ്പോള്‍ കുനിഞ്ഞു നിന്ന് ഉത്തരം പറയാന്‍ നടേശന്‍ ബാധ്യസ്ഥനാണ്. കേരള സര്‍ക്കാറിന്‍െറ ഖജനാവില്‍ നിന്നാണ് ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. അതുകൊണ്ടാണ് ആരോപണങ്ങള്‍ പ്രസക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.