തദ്ദേശ തെരഞ്ഞെടുപ്പും സര്‍ക്കാറിന്‍െറ വിലയിരുത്തലാവും -മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പും സര്‍ക്കാറിന്‍െറ വിലയിരുത്തലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് യോഗശേഷം ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിക്കര തെരഞ്ഞെടുപ്പിന് മുമ്പും ഇതുതന്നെ താന്‍ പറഞ്ഞു. എന്നാല്‍, ഫലം വന്നപ്പോള്‍ ആരും അതേപ്പറ്റി മിണ്ടിയില്ല. ഇത്തവണയും യു.ഡി.എഫാകും മുന്നില്‍.
 യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍തന്നെ മത്സരിക്കണമെന്ന് യോഗത്തില്‍ ധാരണയായി. പൊതുസമ്മതനെ നിര്‍ത്തിയാലും സീറ്റ് നല്‍കുന്ന പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും. കഴിഞ്ഞതവണത്തെ സീറ്റുകള്‍ ഓരോ കക്ഷിക്കും നല്‍കുമെന്നതാണ് പൊതുധാരണ. യു.ഡി.എഫ് ഒരിടത്തും പരസ്പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ആരുമായും സഖ്യവുമുണ്ടാക്കില്ല. പാര്‍ട്ടി തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉറപ്പ്. കോണ്‍ഗ്രസുകാര്‍ ഒറ്റക്ക് മത്സരിച്ചാല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ല. യോജിച്ച പ്രവര്‍ത്തനത്തിലൂടെ  അഭിമാനകരമായ ജയം നേടാനാവും.   വിഭാഗീയത കേരള മണ്ണില്‍ വേരോടില്ല. ഇക്കാര്യം പലതവണ തെളിഞ്ഞതാണ്. എന്നിട്ടും അക്കാര്യം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്നവരെ ജനം വിലയിരുത്തും.
  യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒമ്പതിനകം പൂര്‍ത്തിയാകും. അമിത അവകാശവാദമോ തര്‍ക്കങ്ങളോ ഉണ്ടാവില്ല. സീറ്റ് വിഭജനത്തില്‍ എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച കാട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ ഈമാസം 12 മുതല്‍ 14 വരെ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് തീരുമാനിച്ചു. എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയനീക്കം ചര്‍ച്ചയായെങ്കിലും ഒറ്റക്കെട്ടായി നിന്നാല്‍ അതെല്ലാം മറികടക്കാനാവുമെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉണ്ടായത്. കെ.പി.സി.സി പ്രസിഡന്‍റിനെ നികൃഷ്ടജീവിയെന്ന് വിളിച്ച് അപമാനിക്കുന്ന വെള്ളാപ്പള്ളി നടേശന്‍െറ നടപടിക്കെതിരെ പ്രതികരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അവഗണിക്കുകയാണ് നല്ലതെന്ന അഭിപ്രായമാണ് സുധീരനില്‍നിന്നും മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടായത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.