വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരം -എ.കെ. ആന്‍റണി

തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം സ്കൂളുകളിലും കോളജുകളിലും ജാതിമത സംഘടനകള്‍ പിടിമുറിക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമത ഭ്രാന്ത് കുത്തിവെക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശന കരാര്‍ ലംഘിക്കുന്നത് മര്യാദ കേടാണെന്ന് ആന്‍റണി പറഞ്ഞു. കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുത്. സ്വകാര്യ വിദ്യാഭ്യാസമേഖല അഴിമതിയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ഥി പ്രവേശം മുതല്‍ അധ്യാപക നിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന കെ.എസ്.യുവിന്‍െറ ആവശ്യത്തെ താന്‍ പിന്താങ്ങുന്നു. യോഗ്യതയുള്ളവരെ അവതരിപ്പിച്ചാല്‍ ജനം കൂടെ നില്‍ക്കുമെന്നതിന്‍െറ ഏറ്റവും വലിയ തെളിവാണ് അരുവിക്കരയിലെ കെ.എസ് ശബരീനാഥന്‍െറ വിജയമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.