നാലു ജില്ലകൾ കയ്യിൽ വെച്ച് ന്യൂനപക്ഷങ്ങൾ കേരളം ഭരിക്കുന്നു -എസ്.എന്‍.ഡി.പി

ചേർത്തല: നാലു ജില്ലകൾ കയ്യിൽ വെച്ച് മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും കേരളം ഭരിക്കുകയാണെന്ന് എസ് എൻ ഡി പി യോഗം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി ചേർത്തലയിൽ വിളിച്ച കൂടിയാലോചനാ യോഗത്തിൽ വിതരണം ചെയ്ത കുറിപ്പിലാണ് ഈ ആരോപണം ഉന്നയിച്ചത്. മലപ്പുറവും കോഴിക്കോടും കയ്യിൽ വെച്ച് ലീഗും ഇടുക്കിയും കോട്ടയവും കൈപ്പിടിയിലാക്കി കേരളാ കോണ്‍ഗ്രസ്സും കേരളം ഭരിക്കുകയാണ്. എൽ ഡി എഫ് വന്നാലും യു ഡി എഫ് വന്നാലും ന്യൂനപക്ഷങ്ങൾക്കാണ് ഭരണാധികാരം. ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് കുറിപ്പിൽ ആരോപിച്ചു. 

നായാടി  മുതൽ നമ്പൂതിരി വരെയുള്ള സമുദായങ്ങളെ ഒരുമിച്ചു നിർത്തി രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കണമെന്നത്  എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി അഞ്ചു വർഷം മുൻപ് മുന്നോട്ടു വെച്ച ആശയമാണ്. അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ മുളയിലേ നുള്ളാൻ ഇരു മുന്നണികളും മത്സരിക്കുകയാണ്.ഭൂരിപക്ഷ സമുദായങ്ങൾക്ക് ഇനി പിന്നോട്ട് പോകാൻ സ്ഥലമില്ല. ഒരാൾ പറയുന്നത് മറ്റൊരാൾ കേട്ടിരിക്കുന്ന രീതി ഇനി പറ്റില്ല. ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങളുമായി സന്ധി ചെയ്തു അവരുടെ കൊള്ളക്ക് കുട പിടിക്കുകയാണ്.ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾ നേടാൻ രാഷ്ട്രീയ അധികാരം നേടുക മാത്രമാണ് പോംവഴിയെന്നും കുറിപ്പിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.