കേരളവര്‍മ കോളജ് യൂനിയന്‍ ഓഫിസ് കത്തിനശിച്ചു

തൃശൂര്‍: എസ്.എഫ്.ഐ -എ.ബി.വി.പി സംഘര്‍ഷമുണ്ടായ തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കോളജ് യൂനിയന്‍െറ ഓഫിസ് കത്തിനശിച്ചു. ഫര്‍ണിച്ചറുകള്‍, ഫാന്‍, അലമാരകള്‍, അംഗത്വ രസീതുള്‍പ്പെടെയുള്ള രേഖകള്‍, കൊടികള്‍ എന്നിവ  കത്തിയമര്‍ന്നു. ശനിയാഴ്ച രാവിലെ എട്ടിന് കോളജില്‍ പരിശീലനത്തിനത്തെിയ എന്‍.സി.സി അംഗങ്ങളാണ് യൂനിയന്‍ ഓഫിസില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. അവര്‍ പൈപ്പില്‍ നിന്നും വെള്ളമെടുത്ത് അണക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിവരമറിയിച്ചതനുസരിച്ച് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ അണച്ചത്. യൂനിയന്‍ ഓഫിസിനോട് ചേര്‍ന്ന് എന്‍.സി.സി  ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടര്‍ന്നാല്‍ യൂനിഫോമും പരിശീലക വസ്തുക്കളുമുള്‍പ്പെടെയുള്ളവ കത്തി വന്‍ നഷ്ടമുണ്ടാകുമായിരുന്നു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നും കഴിച്ചുവെന്നും ആരോപിച്ച് വയോധികനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസം മുമ്പ് കാമ്പസില്‍ എസ്.എഫ്.ഐ ബീഫ് മേള സംഘടിപ്പിച്ചത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ബീഫ് മേള തടയാനത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയിലാണ്.
കോളജ് യൂനിയന്‍ ഭരണം എസ്.എഫ്.ഐക്കാണ്. യൂനിയന്‍ ഓഫിസ് തീയിട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം കണക്കിലെടുത്ത് കാമ്പസില്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യൂനിയന്‍ ഓഫിസ് തീപിടിത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് എസ്.എഫ്.ഐയും എ.ബി.വി.പിയും ആരോപിച്ചു.
ഇതിനിടെ, കേരളവര്‍മ കോളജില്‍ മാട്ടിറച്ചി കയറ്റിയതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. തെക്കേ ഗോപുരനടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്‍റ് ഗോവിന്ദന്‍കുട്ടി കോലഴി ഉദ്ഘാടനം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.