തൃശൂർ: സി.പി.എം തനിക്ക് പണം ഓഫർ ചെയ്തിട്ടുണ്ടെന്ന ലീഗ് സ്വതന്ത്ര അംഗത്തിന്റെ വെളിപ്പെടുത്തൽ കൂടുതൽ ചർച്ചയാകുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ ലീഗ് സ്വതന്ത്രനായ തനിക്ക് 50 ലക്ഷം രൂപ സി.പി.എം ഓഫർ ചെയ്തതായാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിൽനിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പറയുന്നത്. കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫയോട് ജാഫർ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
ജാഫറിന്റെ വാക്കുകൾ: ‘പക്ഷേ ഞാൻ അങ്ങനെ അല്ലല്ലോ.. സ്വതന്ത്രനാണ് പ്രസിഡന്റ്. അല്ലാതെ സിപിഎം അല്ല പ്രസിഡന്റ്. അതുകൊണ്ടാ പറയുന്നത്, ഇപ്പോ എനിക്ക് ഒരു ഓപ്ഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ആ ഓപ്ഷൻ നമ്മൾ മാക്സിമം യൂസ് ചെയ്യുകയാണ്. എന്റെ ലൈഫ് സെറ്റിൽ ആക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജീവിക്കുന്നത്. അപ്പോൾ അത് സെറ്റ് ആവാനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷം ആണ് ഇപ്പോ ഓഫർ കെടക്കുന്നത്. ഒന്ന് രണ്ട് ഉറുപ്പികയല്ല. ഇതൊക്കെ ഇയ്യാണ് എങ്കിൽ അന്റെ കണ്ണ് മഞ്ഞളിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്! ഇയ്യ് എന്താ വിചാരിച്ചേ? പ്രസിഡന്റ് എന്ന് പറയുമ്പോൾ! പ്രസിഡന്റ് എന്ന് പറയുമ്പോൾ അതിന്റെ പവർ എന്താന്ന് നിനക്കറിയോ? ഇതാണെങ്കിൽ ഇപ്പോൾ നിങ്ങളുടെ കൂടെ നിന്നാൽ അത് നറക്കെടുത്താലേ കിട്ടുള്ളൂ. ഇതാകുമ്പോൾ ഒന്നും അറിയണ്ട. നമ്മൾ അവിടെ പോയി കസേരയിൽ കയറിയിരുന്നാൽ മതി".
ജാഫർ മാസ്റ്റർ തന്നോട് സംസാരിച്ചതാണ് ഇതെന്ന് കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ സ്ഥിരീകരിച്ചു. സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കര ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. വിജിലൻസ് അന്വേഷണം ആരംഭിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ളത് 14 സീറ്റാണ്. ഇതിൽ ഏഴ് സീറ്റ് വീതം എൽഡിഎഫും യുഡിഎഫും നേടിയിരുന്നു. വോട്ടിങ് നടക്കുന്നതിന്റെ തലേ ദിവസമാണ് (ഡിസംബർ 27) ഈ സംഭാഷണം നടക്കുന്നത്. പിറ്റേന്ന് സംഭാഷത്തിൽ പറഞ്ഞത് പോലെ ജാഫർ സി.പി.എമ്മിന് അനുകൂലമായി വോട്ടുചെയ്തു. തുടർന്ന് സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് കെ.വി.നഫീസ. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ആ സ്ഥലത്തേക്ക് ജാഫർ മാസ്റ്റർ പോയതുമില്ല. അങ്ങനെ രണ്ട് സ്ഥാനവും സി.പി.എമ്മിന് സ്വന്തമായി. പിന്നീട് ലീഗിൽനിന്ന് പ്രതിഷേധം ശക്തമായതോടെ അംഗത്വം തന്നെ രാജിവെക്കുകയായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണു സംഭാഷണം പുറത്തുവിട്ടത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെയും കരുവന്നൂർ സഹകരണ ബാങ്കിലെയും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നു സമാഹരിച്ച ലക്ഷങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കാൻ സിപിഎം ഉപയോഗിക്കുകയാണെന്ന് പി.ഐ.ഷാനവാസ് ആരോപിച്ചു.
കൂറുമാറിയ ജാഫറിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ജാഫറിന്റെ ഫ്ലക്സിൽ കരി ഓയിൽ അഭിഷേകം നടത്തിയും പ്രകടനം നടത്തിയും പ്രതിഷേധിച്ചിരുന്നു. ഇടതുമുന്നണിയിൽനിന്ന് വൻ തുക കൈപ്പറ്റിയാണ് കൂറ് മാറി വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ അന്നുതന്നെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറി കെ.എ. അൻസാർ അഹമ്മദ് മുമ്പാകെ രാജി സമർപ്പിച്ചത്. ഇതോടെ തളി പതിമൂന്നാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.