‘തല നരക്കുന്നതല്ലെന്‍െറ വാര്‍ധക്യം, തല നരക്കാത്തതല്ലെന്‍െറ യൗവനം’

കോഴിക്കോട്: ചരിത്രകാരന്‍ എന്ന നിലയില്‍ ലോകമറിയുന്ന, മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എം.ജി.എസ്. നാരായണന്‍ സമരയൗവനത്തിലാണ്.കോഴിക്കോട്ടെ തെരുവോരങ്ങളില്‍ എം.ജി.എസ്  മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ കാണാം. ഒരേസമയം ഉദ്യോഗസ്ഥ മേധാവിത്വത്തോടും രാഷ്ട്രീയക്കാരോടും ഏറ്റുമുട്ടുന്ന സമരമാണിത്. ഒരു റോഡിനുവേണ്ടി മുഖ്യമന്ത്രിയെ 12 തവണ കണ്ട് നിവേദനം നല്‍കി. പല തവണ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ച് എം.ജി.എസ് മുന്നോട്ടുവെച്ച റോഡ് വിഷയം ചര്‍ച്ച ചെയ്തു. നാട്ടുകാരെയും മാധ്യമങ്ങളെയും കൂടെ നിര്‍ത്തി സമരമുഖത്ത് ജ്വലിച്ചു നില്‍ക്കുകയാണ് ഈ 83കാരന്‍.
നാടിന്‍െറ ചരിത്രം ചികഞ്ഞുനടന്ന ഈ മനുഷ്യന്‍ ഇന്ന് പടക്കളത്തിലാണ്. 83ന്‍െറ നിറവിലും 18ന്‍െറ ചുറുചുറുക്കോടെ സമരമുഖത്ത് മുന്നണിപ്പോരാളിയായി പടയോട്ടം നടത്തുകയാണ്, ദക്ഷിണേന്ത്യയില്‍ നിന്ന് ലോകത്തോളം വളര്‍ന്ന ചരിത്രകാരന്‍. ഓരോ നിമിഷവും തിരക്കിലലിഞ്ഞ പുതിയ കര്‍മമണ്ഡലവും ആസ്വദിച്ച് ജീവിക്കുകയാണ്, ഇന്ത്യയിലും വിദേശത്തും വിവിധ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച് അടക്കമുള്ള സംഘടനകളുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുകയും ചെയ്തയാള്‍. 1992ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസിന്‍െറ ഫാക്കല്‍റ്റി ഡീനായി വിരമിച്ചശേഷം കോഴിക്കോട് മലാപ്പറമ്പില്‍ സ്ഥിരതാമസമാക്കിയ എം.ജി.എസ് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണിപ്പോള്‍.
മൂന്നു വര്‍ഷമായി ഇദ്ദേഹം  വികസന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നു. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം, 52കോടിയുടെ വികസനം വാഗ്ദാനം ചെയ്ത് ഒന്നാം പരിഗണന നല്‍കിയ പദ്ധതിയായിരുന്നു. പിന്നീട് മൂന്നാമതായും ആറാമതായും ഒടുവില്‍ പരിഗണനയില്‍ പോലുമില്ലാതായതും അറിഞ്ഞ നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷനും ചേര്‍ന്ന് റോഡ് വികസനത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അതിന്‍െറ ചെയര്‍മാനായത് എം.ജി.എസ്. ഇതിനുശേഷം റോഡ് വികസനത്തിനായി നിരന്തരം മീറ്റിങ്ങുകളും സമരങ്ങളും നയിക്കാനും മുഖ്യമന്ത്രി മുതലുള്ള മന്ത്രിമാരെ കണ്ട് ആവശ്യങ്ങളുന്നയിക്കാനും വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ പടവാളെടുക്കാനും എം.ജി.എസ് മുന്നിലുണ്ട്.
വികസനത്തിന് മുമ്പേ നടന്നയാളാണ് ഈ ചരിത്രകാരന്‍. 1994ല്‍ സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ പ്രചാരത്തിലില്ലാത്തപ്പോള്‍ കോഴിക്കോട്ടേക്ക് കമ്പ്യൂട്ടര്‍ കൊണ്ടുവന്നു. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനായി സംസ്ഥാനത്ത് കൊച്ചിയിലും പാലക്കാടും മാത്രമുള്ള ലോക്കല്‍ റൗട്ടര്‍ സംസ്ഥാന മന്ത്രിമാര്‍ വഴി കേന്ദ്രമന്ത്രിമാരെ കണ്ട് കോഴിക്കോട് ജില്ലയിലും സ്ഥാപിച്ചത് എം.ജി.എസാണ്.
നിരന്തര  സാധനയാണ് അദ്ദേഹത്തിന്‍െറ ജീവിതം. പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് വായനയും എഴുത്തും തുടങ്ങും. ആറരക്ക് പത്രങ്ങള്‍ വരുന്നതുവരെ അത് തുടരും. നാലുപത്രങ്ങള്‍ വായിക്കും. നാലു പത്രങ്ങള്‍ മറിച്ചുനോക്കും. കൗതുകമായി തോന്നിയ വാര്‍ത്തകളെല്ലാം വെട്ടിയെടുത്ത് സൂക്ഷിക്കും. പിന്നീട് ഉറക്കം. എട്ടരയാകുമ്പോള്‍ പ്രാതല്‍. ശേഷം തിരക്കുകളിലേക്ക്. സമരങ്ങള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ഉദ്ഘാടനങ്ങള്‍, മീറ്റിങ്ങുകള്‍, സെമിനാറുകള്‍ ദിവസവും പരിപാടികള്‍. രാത്രി ഒമ്പതര മുതല്‍ എഴുത്തും വായനയും ഒരുമണി വരെ തുടരും. പിന്നീട് രണ്ടു മണിക്കൂര്‍ ഉറക്കം. രണ്ടു വര്‍ഷമായി ഊണ്‍ കഴിക്കാറില്ല. തടി കുറക്കാനാണ്. ചെമ്മീന്‍, മത്തി, നത്തെല്‍ ഒഴികെയുള്ള മത്സ്യങ്ങളും മാംസവും കഴിക്കാറില്ല. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയൊന്നുമില്ളെന്ന് എം.ജി.എസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.