മണ്ണാര്‍ക്കാട് മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്

മണ്ണാര്‍ക്കാട് (പാലക്കാട്): മണ്ണാര്‍ക്കാടിന് സമീപം വീണ്ടും മാവോവാദി-പൊലീസ് ഏറ്റുമുട്ടല്‍. ഒരാള്‍ക്ക് പരിക്കേറ്റതായി സംശയമുണ്ട്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറക്ക് സമീപം വനമേഖലയില്‍ സായുധ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറോടെ അമ്പലപ്പാറ ആദിവാസി കോളനിക്ക് സമീപം പള്ളിശ്ശേരി വനത്തിനകത്ത് താമസിക്കുന്ന മാതി, കുറുമ്പന്‍ എന്നിവരുടെ കുടിലുകളില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം എത്തിയിരുന്നു. രാത്രി എട്ടുവരെ ഇവിടെ ചെലവഴിച്ച ഇവര്‍ ഭക്ഷണം ആവശ്യപ്പെടുകയും അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പണം നല്‍കി കൊണ്ടുപോവുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഉച്ചയോടെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പലപ്പാറയിലത്തെി അന്വേഷണം നടത്തി മടങ്ങിയിരുന്നു.
വൈകീട്ട് ആറോടെ പ്രത്യേക സായുധസേന പ്രദേശത്തെ വനമേഖലയില്‍ തിരച്ചിലാരംഭിച്ചു. തിരച്ചിലിനിടെ അമ്പലപ്പാറയില്‍നിന്ന് പള്ളിശ്ശേരി വനമേഖലയിലൂടെയുള്ള റോഡിന് കുറുകെ നാലുപേര്‍ പോകുന്നത് നാട്ടുകാരും സേനാംഗങ്ങളും കണ്ടു. ഇതിനിടെ ഇവര്‍ വെടിവെക്കുകയായിരുന്നെന്നാണ് പറയുന്നത്. കൂടെയുണ്ടായിരുന്ന നാട്ടുകാരെ മാറ്റി സേന തിരിച്ച് വെടിവെച്ചു. 40 റൗണ്ട് വെടിയുതിര്‍ത്തു. ഇരുവിഭാഗവും മണിക്കൂറുകളോളം വനത്തിനകത്ത് ശക്തമായ വെടിവെപ്പ് നടന്നു. രാത്രി വൈകിയും തിരച്ചില്‍ നടക്കുകയാണ്.
വനമേഖലയിലേക്ക് അഞ്ച് കിലോമീറ്ററോളം അകത്തായാണ് ഏറ്റുമുട്ടല്‍ നടന്നത്. അട്ടപ്പാടി മേഖലയില്‍നിന്ന് മലപ്പുറം  കരുവാരകുണ്ട് വനമേഖലയിലേക്കുള്ള വഴിയിലൂടെയാണ് സംഘം നീങ്ങിയതായാണ് പൊലീസ് നല്‍കുന്ന വിവരം. അഗളി സി.ഐ കെ.എ. ദേവസ്യയുടെ നേതൃത്വത്തിലാണ് സേന തിരച്ചില്‍ നടത്തിയത്. രാത്രി ഒമ്പതോടെയാണ് ഇവര്‍ വനത്തില്‍ നിന്നിറങ്ങിയത്. പാലക്കാട് എസ്.പി വിജയകുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സുനേഷ് എന്നിവര്‍ സംഭവ സ്ഥലത്തത്തെി. വനമേഖലയില്‍ തിരച്ചിലും ഏറ്റുമുട്ടലും തുടരുകയാണെന്നും പ്രത്യേകം പരിശീലനം ലഭിച്ച എസ്.ഐ മാരുള്‍പ്പെടെയുള്ളവരോട് സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പാലക്കാട് എസ്.പി പറഞ്ഞു.  കഴിഞ്ഞ മാസം 17ന് അട്ടപ്പാടിയിലും പൊലീസ്-മാവോവാദി ഏറ്റുമുട്ടല്‍ നടന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.