നിയമസഭയിലെ കൈയാങ്കളി: ആറ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ എഫ്.ഐ.ആര്‍

തിരുവനന്തപുരം: ധനമന്ത്രി ആയിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെ ഉണ്ടായ ആക്രമണ സംഭവങ്ങളുടെ പേരില്‍ ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തതിന് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്‍െറ നടപടി. സ്പീക്കറുടെ വേദി തകര്‍ത്തതിന് പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധ നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, കെ. അജിത്, സി.കെ. സദാശിവന്‍, കുഞ്ഞഹമ്മദ്, കെ.ടി. ജലീല്‍ എന്നിവരെ പ്രതിചേര്‍ത്ത് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതിയിലാണ് എഫ്.ഐ.ആര്‍ നല്‍കിയിട്ടുള്ളത്. സ്പീക്കറുടെ വേദിയില്‍ കയറി കമ്പ്യൂട്ടറും മൈക്കും കസേരയും നശിപ്പിച്ചതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.  
 നിയമസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അഞ്ചുലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു ആദ്യ പരാതി. പരാതിയില്‍ മ്യൂസിയം പൊലീസ് ആദ്യഘട്ടത്തില്‍ ആരെയും പ്രതിയാക്കിയിരുന്നില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തിയത്. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച അന്വേഷണസംഘം വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും സഭയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എം.എല്‍.എമാരെ പ്രതിയാക്കിയത്.
കേസെടുക്കുന്നതിന് മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം അന്വേഷണസംഘം തേടിയിരുന്നു. ക്രിമിനല്‍ കുറ്റം തെളിഞ്ഞതിനാല്‍ സ്പീക്കര്‍ പ്രത്യേകിച്ച് അനുമതി നല്‍കേണ്ടതില്ളെന്ന് നിയമസെക്രട്ടറി ഉപദേശം നല്‍കിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഷാനവാസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ ഭരണപക്ഷത്തെ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്‍േറഷന്‍, എം.എ. വാഹിദ്, എ.ടി. ജോര്‍ജ് എന്നിവര്‍ക്കെതിരെയായിരുന്നു കോടതി നേരിട്ട് കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.