പന്തളം പീഡനകേസ്: പ്രതികൾക്ക് ജാമ്യമില്ല

ന്യൂഡൽഹി: പന്തളം എൻ.എസ്.എസ് കോേളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ  പ്രതികൾക്ക് ജാമ്യമനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളാണ് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പെൺകുട്ടി കള്ളമാണ് പറയുന്നതെന്നും ലൈംഗിംക ബന്ധത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടായിരുന്നുവെന്നുമായിരുന്നു പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദം.

എന്നാൽ, ഈ വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പെൺകുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. അധ്യാപകർ വിദ്യാർഥിനിയെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണ്. ഇത് സമൂഹത്തിന് നൽകുന്ന സന്ദേശമെന്തായിരിക്കുമെന്നും കോടതി ചോദിച്ചു.

പ്രതികളായ കെ. വേണുഗോപാല്‍, സി. എം. പ്രകാശ്‌, കോണ്‍ട്രാക്‌ടര്‍ വേണുഗോപാല്‍, ജ്യോതിഷ്‌ കുമാര്‍, മനോജ്‌ കുമാര്‍, ഷാ ജോര്‍ജ്‌ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്.

1997 ജൂലൈ 10 മുതല്‍ ഒക്‌ടോബര്‍ 20വരെ ബിരുദ വിദ്യാര്‍ഥിനിയെ അധ്യാപകരുൾപ്പടെയുള്ളവർ പീഡിപ്പിച്ചെന്നാണു കേസ്‌. പ്രതികളിൽ നാലുപേർ എൻ.എസ്.എസ്. കോളേജിലെ അധ്യാപകരായിരുന്നു. ഏഴു പ്രതികളില്‍ നാലു പേര്‍ക്ക്‌ 11 വര്‍ഷം കഠിനതടവും 35,000രൂപ പിഴയും രണ്ടുപേര്‍ക്ക്‌ ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും മൂന്നാംപ്രതിക്ക്‌ ഏഴുവര്‍ഷം കഠിനതടവും 13,000 രൂപ പിഴയുമാണ്‌ കോട്ടയം സെഷന്‍സ്‌ കോടതി ശിക്ഷ വിധിച്ചിരുന്നത്‌. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെഷൻസ് കോടതിവിധി ഹൈകോടതി അതേപടി അംഗീകരിച്ചു. അതിനിടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഒരു അധ്യാപകൻ ആത്മഹത്യ ചെയ്തു. മറ്റൊരു അധ്യാപകൻ രോഗം ബാധിച്ച് മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.