തരുവണ (വയനാട്): ജോസേട്ടൻ ഒന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും. ആ തീരുമാനം സ്വന്തം നടത്തത്തെപ്പറ്റിയാണെങ്കിലോ. സംഗതി ഇങ്ങ് വയനാട്ടിലാണ്. തെൻറ റൂട്ടിലേക്കുള്ള ഓട്ടോക്കൂലി അന്യായമായി കൂട്ടിയ അന്ന് തീരുമാനിച്ചതാണ് ഇനി ഓട്ടോയിൽ കയറില്ലെന്ന്. അന്ന് തുടങ്ങിയതാണ് ഒരേ റൂട്ടിലുള്ള സ്ഥിരം നടത്തം. ദിനേന ഏഴു കിലോമീറ്ററുള്ള പ്രതിഷേധനടത്തത്തിന് ഈ നവംബറിൽ ഏഴു വർഷം പൂർത്തിയായി.
വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ–കക്കടവ് റൂട്ടിലെ പാലിയണയിൽ ചെറിയ കച്ചവടം നടത്തിയാണ് ജോസേട്ടൻ കുടുംബം പോറ്റുന്നത്.
2008 നവംബറിലാണ് റൂട്ടിലെ ഓട്ടോക്കൂലി മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടിയത്. തലേന്നുവരെ പാലിയണയിലേക്ക് 16 രൂപയായിരുന്നു കൂലി. പൊടുന്നനെ 20 രൂപയാക്കി. നാട്ടുകാരും ഓട്ടോ യൂനിയനും തരുവണയിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് ജോസേട്ടനും കൂട്ടരും ഇനി മേലിൽ ഓട്ടോ പിടിക്കില്ലെന്ന് തീരുമാനമെടുത്തത്. റൂട്ടിൽ അങ്ങോട്ടും ഇങ്ങോട്ടുമായി ആകെ ഏഴ് കിലോമീറ്റർ. തീരുമാനമെടുത്തതല്ലേ, നടക്കുകതന്നെ. കൂടെയുള്ളവർ കുറച്ചുദിവസത്തിനുശേഷം പിന്മാറി.
എന്നാൽ, വെച്ച കാൽ പിന്നോട്ടെടുക്കാൻ ജോസേട്ടൻ ഒരുക്കമല്ലായിരുന്നു. മറ്റുള്ളവർ പിന്മാറിയിട്ടും ജോസേട്ടൻ തെൻറ പ്രതിഷേധനടത്തം ഇപ്പോഴും തുടരുന്നു, ഒരിക്കലും മുടങ്ങാതെ. തീരുമാനം കടുത്തതായതോടെ മറ്റ് ടാക്സി വാഹനങ്ങളിലും ജോസേട്ടൻ കയറാതായി. തരുവണയിൽനിന്ന് സ്വന്തം കടയിലേക്കുള്ള സാധനങ്ങൾ ചുമലിലേറ്റി ഇദ്ദേഹം നടക്കുന്നത് നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്. എല്ലാ ദിവസവും സാധനങ്ങൾ വാങ്ങാൻ തരുവണ അങ്ങാടിയിലെത്തും.
മഴയാണെങ്കിലും വെയിലാണെങ്കിലും സഞ്ചി തോളിൽതൂക്കി നടത്തംതന്നെ. പറഞ്ഞ വാക്കുപാലിക്കാനായി തുടങ്ങിയതാണെങ്കിലും നിത്യേനയുള്ള നടത്തം ആരോഗ്യത്തിനും നന്നായി ഭവിച്ചു. ഇപ്പോൾ കുത്തനെയുള്ള മല കയറാൻപോലും ഈ 59കാരന് പ്രയാസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.