പത്തനംതിട്ട: ശരണാഗതികളായി ലക്ഷങ്ങള്‍ ഒരേ മനസ്സോടെ മലകയറുന്ന മണ്ഡലകാലത്തിന് ഇന്ന് തുടക്കം. ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി നടതുറക്കും. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിക്കും. ഇതിനുശേഷം നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഇ.എസ്. ഉണ്ണികൃഷ്ണനും പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങ് നിര്‍വഹിക്കും. സോപാനത്തിരുത്തി ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേല്‍ശാന്തി അവരോധ ചടങ്ങ് നടത്തുന്നത്. ഒറ്റക്കലശം ആടിയശേഷം ശ്രീകോവിലിനുള്ളിലേക്ക് മേല്‍ശാന്തിയെ തന്ത്രി കൈപിടിച്ചാനയിച്ച് അയ്യപ്പന്‍െറ മൂലമന്ത്രം കാതില്‍ ഓതിക്കൊടുക്കും. ഇതോടെ മേല്‍ശാന്തി അവരോധ ചടങ്ങ് പൂര്‍ത്തിയാകും. വൃശ്ചികപ്പുലരി മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്.
ചടങ്ങുകള്‍ക്കുശേഷം രാത്രി 10ന് നിലവിലെ മേല്‍ശാന്തിമാര്‍ നടയടച്ച് താക്കോലുകള്‍ ക്ഷേത്രം മാനേജര്‍ക്ക് കൈമാറും. തുടര്‍ന്ന് മാനേജര്‍ താക്കോലുകള്‍ പുതിയ മേല്‍ശാന്തിമാരെ ഏല്‍പിക്കും. വൃശ്ചികം ഒന്നായ ചൊവ്വാഴ്ച പുലര്‍ച്ചെ തന്ത്രിയുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുക. പതിനെട്ടാം പടിയുടെ നവീകരണകലശത്തില്‍ പങ്കുകൊള്ളാന്‍ ലഭിച്ച സൗഭാഗ്യവുമായാണ് കൃഷ്ണദാസ് നമ്പൂതിരി പടിയിറങ്ങുന്നത്. മകരവിളക്കിനായി വീണ്ടും ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.