നിസാമിന്‍റെ ഭാര്യ അമൽ കൂറുമാറി

തൃശൂർ: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസിൽ നിസാമിന്‍റെ ഭാര്യ അമൽ കൂറുമാറി. ചന്ദ്രബോസിനെ പ്രതിയായ നിസാം മർദിക്കുന്നത് കണ്ടു എന്നായിരുന്നു നേരത്തേ അമൽ മജിസ്ട്രേറ്റിന് മുന്നിലും പൊലീസിനും നൽകിയ മൊഴി. ഇത് പ്രോസിക്യൂഷന് അനുകൂലമായിട്ടുള്ളതായിരുന്നു. ഇതേതുടർന്നാണ് അമലിനെ പ്രോസിക്യൂഷൻ കേസിലെ 11ാംസാക്ഷിയാക്കിയത്. എന്നാൽ സംഭവം മനപൂർമായിരുന്നില്ലെന്നും വാഹനാപകടം മാത്രമായിരുന്നുവെന്നുമാണ്  അമൽ ഇന്ന് കോടതിയിൽ മൊഴി നൽകിയത്. ഇതോടെ ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

രാവിലെ കോടതി നടപടികൾ ആരംഭിച്ച ഉടൻതന്നെ രഹസ്യ വിചാരണ വേണമെന്ന് അമൽ ആവശ്യപ്പെട്ടിരുന്നു.  പ്രോസിക്യൂഷൻ ഈ ആവശ്യം എതിർത്തുവെങ്കിലും കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയിലായിരുന്നു വിസ്താരം. ചന്ദ്രബോസിന്‍റെയും നിസാമിന്‍റെയും അടുത്ത ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരും മാത്രമാണ് കോടതി മുറിയിലുണ്ടായിരുന്നത്. മാധ്യമപ്രവർത്തകർക്കും നിയന്ത്രണമേർപ്പെടുത്തിയതിനാൽ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് കൂറുമാറിയ വാർത്ത പുറത്തറിഞ്ഞത്.

കോടതി ആവശ്യപ്പെട്ടിട്ടും രണ്ടു ദിവസങ്ങളായി വിചാരണക്ക് ഹാജരാകാതിരിക്കുകയായിരുന്നു അമൽ. ബുധനാഴ്ച കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് ഇന്ന് വിചാരണക്ക് ഹാജരായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.