പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആറു ലക്ഷമായതായി ചീഫ് പൊലീസ് കോഓഡിനേറ്ററായ ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ അറിയിച്ചു. ഒരു മണിക്കൂറില്‍ 2,200 ബുക്കിങ്ങാണ് സ്വീകരിക്കുന്നത്. 27 രാജ്യങ്ങളില്‍നിന്ന് ഇതുവരെ ബുക്കിങ് വന്നു. ഇതില്‍ പസഫിക് ഐലന്‍ഡിലെ രാജ്യം വരെ ഉള്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തവണ രാമമൂര്‍ത്തി മണ്ഡപത്തില്‍ 10 വെര്‍ച്വല്‍ ക്യൂ കൗണ്ടറും എരുമേലി വഴി വരുന്നവര്‍ക്കായി പമ്പാഗണപതി കോവിലില്‍ കൗണ്ടറുകളും അധികമായി തുറക്കും. പത്തനംതിട്ട പ്രസ്ക്ളബിന്‍െറ ശബരിമല സുഖദര്‍ശനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പമ്പ വാഹന പാര്‍ക്കിങ് ക്രമീകരണങ്ങള്‍ തുടരും. നിലക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് ഇക്കുറിയും ഉണ്ടാകും. ചാലക്കയത്തിനും പമ്പക്കുമിടയില്‍ റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ബോധവത്കരണം നടത്തും.
4000 പൊലീസുകാരെ ശബരിമലയില്‍ നിയമിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെ നിയമിക്കും. ശബരിമല ഉത്സവ പ്രദേശത്തെ ആറ് മേഖലകളായി തിരിച്ചാണ് പൊലീസ് ക്രമീകരണങ്ങള്‍. സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട, ഇടുക്കി, ആര്യങ്കാവ് എന്നിവയാണ് മേഖലകള്‍. സന്നിധാനത്തും പമ്പയിലും എസ്.പി റാങ്കിലുള്ള ഒരാള്‍ വീതം സ്പെഷല്‍ ഓഫിസറായി ഉണ്ടാവും. പത്തനംതിട്ട മേഖലയുടെ ചാര്‍ജ് പത്തനംതിട്ട എസ്.പിക്കും എരുമേലി മേഖല കോട്ടയം എസ്.പിക്കും ഇടുക്കി മേഖല ഇടുക്കി എസ്.പിക്കും ആര്യങ്കാവ് മേഖല കൊല്ലം റൂറല്‍ എസ്.പിക്കുമാണ്.
നീലിമല, ധര്‍മമേട്, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ ആറ് പൊലീസുകാരുള്‍പ്പെട്ട മൂന്ന് പൊലീസ് എയ്ഡ്പോസ്റ്റുകള്‍ വീതം ഉണ്ടാകും. പമ്പയിലും സന്നിധാനത്തും ഓരോ പൊലീസ് കമാന്‍ഡോ ടീമുകളെ വീതം വിന്യസിക്കും. എരുമേലി വഴി ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ വര്‍ധനയാണ് കഴിഞ്ഞവര്‍ഷം കണ്ടത്. അതിനാല്‍ എരുമേലി, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. വലിയാനവട്ടത്ത് അസ്കാ ലൈറ്റുകള്‍ സ്ഥാപിക്കും. എരുമേലിയില്‍ ഒരു താല്‍ക്കാലിക ഫയര്‍ സേഫ്ടി യൂനിറ്റ് സീസണ്‍ സമയത്ത് സ്ഥാപിക്കും. പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാകും ചെയ്യുകയെന്നും പത്മകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.