ജയിലിലടച്ച കര്‍ഷകനെ കാണാന്‍ കോടിയേരിയെത്തി

കണ്ണൂര്‍: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്കിന്‍െറ നിയമ നടപടിക്കിരയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കപ്പെട്ട വയനാട്ടിലെ കര്‍ഷകനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വയനാട് ഇരുളം അങ്ങാടിശ്ശേരിയിലെ കര്‍ഷകന്‍ സുകുമാരനെ ഗ്രാമീണ്‍ ബാങ്ക് ചെലവിനുള്ള പണമടച്ച് ജയിലിലാക്കുകയായിരുന്നു.  
80,000 രൂപ വായ്പയെടുത്ത സുകുമാരന്‍െറ പേരില്‍ പിഴപ്പലിശയടക്കം 6.75 ലക്ഷം രൂപയാണ് ബാങ്ക് കുടിശ്ശിക ചുമത്തിയത്. തുക വസൂലാക്കാന്‍ ഇദ്ദേഹത്തിന്‍െറ 75 സെന്‍റ് ഭൂമി ബാങ്കധികൃതര്‍ ജപ്തി ചെയ്തു. ഈ ഭൂമി പിന്നീട് ലേലത്തിന് വെച്ചെങ്കിലും വില്‍ക്കാനായില്ല. തുടര്‍ന്ന് 15 ദിവസത്തേക്കുള്ള ചെലവിന്‍െറ തുക ജയില്‍ വകുപ്പിന് നല്‍കി പൊലീസ് സഹായത്തോടെ  ബാങ്ക് സുകുമാരനെ ജയിലിലാക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കാരണം  ഗ്രാമീണ്‍ബാങ്കിന്‍െറ ഇരുളം ശാഖ അടച്ചിട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി  ഇടപെട്ട് സുകുമാരനെ മോചിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സുകുമാരനെ  സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇടപെട്ട് ബാങ്കിന്‍െറ നടപടി തിരുത്തിക്കുകയോ വായ്പാതുക സര്‍ക്കാര്‍ അടക്കുകയോ ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം.
ക്രൂരമായ കര്‍ഷകവിരുദ്ധ മനോഭാവമാണ് ബാങ്ക് സ്വീകരിച്ചത്. സമീപകാലത്തെങ്ങുമില്ലാത്ത വിചിത്ര നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കുമെന്നും കോടിയേരി അറിയിച്ചു. എം.വി. ജയരാജന്‍, ടി. കൃഷ്ണന്‍, എം. പ്രകാശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.