പൊലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സിവില്‍ പൊലീസ് ഓഫിസര്‍ നിരീക്ഷണത്തില്‍

കായംകുളം: പൊലീസ് സേനയില്‍ ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറവീട്ടില്‍ സുരേന്ദ്രന്‍െറ മകള്‍ ശരണ്യയുമായി(23) ചേര്‍ന്ന് പ്രവര്‍ത്തിച്ച സിവില്‍ പൊലീസ് ഓഫിസര്‍ നിരീക്ഷണത്തില്‍.കഴിഞ്ഞ ദിവസം പിടിയിലായ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരണ്യയോടൊപ്പം തട്ടിപ്പില്‍ പങ്കാളിത്തം വഹിച്ചെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കാര്‍ത്തികപ്പള്ളി മഹാദേവിക്കാട് മാധവത്തില്‍ പ്രദീപ്(40) പൊലീസ് നിരീക്ഷണത്തിലാണ്. തട്ടിപ്പിന് കൂട്ടുനിന്ന ശരണ്യയുടെ ഭര്‍ത്താവ് സീതത്തോട് മടന്തപ്പാറയില്‍ പ്രദീപ് (33) ഒളിവിലാണ്.
അതിനിടെ, ശരണ്യയുമായി കാറില്‍ കറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം. തട്ടിപ്പുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമായത്. പ്രദീപാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശരണ്യയെ പരിചയപ്പെടുത്തിയത്. പിന്നീട് ഏതുസമയം വിളിച്ചാലും കാറുമായി എത്തുന്ന തരത്തിലേക്ക് ബന്ധം വളരുകയായിരുന്നു. കുറ്റവാളിയായ സ്ത്രീയുമായി വഴിവിട്ട ബന്ധം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായാല്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പൊലീസ് സേനയിലെ ജോലിതട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഐ.ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലിചെയ്യുന്ന പലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇങ്ങനൊരു ആവശ്യം ഉയര്‍ന്നത്. പൊലീസുകാര്‍ പ്രതികളായതോടെ കേസ് പിന്‍വലിക്കണമെന്ന തരത്തില്‍ പരാതിക്കാര്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാവുകയാണ്.
അതേസമയം, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ 12 പരാതികളില്‍ പ്രതിയായ കരുവാറ്റ കുമാരപുരം ശിവശൈലത്തില്‍ രാജേഷിനെ (33) റിമാന്‍ഡ് ചെയ്തു. ശരണ്യയുടെ പിതാവ് സുരേന്ദ്രന്‍, ഭാര്യ അജിത, ബന്ധു ശംഭു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. തൃക്കുന്നപ്പുഴ, കായംകുളം, ഹരിപ്പാട്, കരീലക്കുളങ്ങര, കനകക്കുന്ന്, അമ്പലപ്പുഴ സ്റ്റേഷനുകളിലായി 26 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതിലൂടെ 43 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തട്ടിപ്പിന് ഉപയോഗിച്ച കമ്പ്യൂട്ടറും നിരവധി രേഖകളും ശരണ്യയില്‍നിന്ന് കണ്ടെടുത്തതായി ഡി.വൈ.എസ്.പി ദേവമനോഹര്‍ പറഞ്ഞു. പൊലീസിലെ വിവിധ തസ്തികകളില്‍ പിന്‍വാതില്‍ നിയമനം വാങ്ങിനല്‍കാമെന്ന ഉറപ്പിലാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയത്. പൊലീസ് ക്യാമ്പുകളിലടക്കം എത്തിച്ചാണ് ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചത്. ജോലി ലഭിക്കാതായതോടെ ചിലര്‍ കായംകുളം പൊലീസില്‍ നല്‍കിയ  പരാതിയിലാണ് വ്യാപക തട്ടിപ്പ് പുറത്തുവരുന്നത്.
സുരേന്ദ്രന്‍െറ ഹോട്ടലിലെ പാചകക്കാരനെന്ന നിലയിലാണ് രാജേഷ് തട്ടിപ്പ് സംഘത്തില്‍ കണ്ണിയാകുന്നത്. രാജേഷിന്‍െറ ഭാര്യക്ക് ജോലി വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ചാണ് ഒപ്പം കൂട്ടിയത്. ശരണ്യയുടെ വാചക കസര്‍ത്തില്‍ മയങ്ങിയ രാജേഷ് 12ഓളം പേരില്‍നിന്നായി 25 ലക്ഷത്തോളം രൂപ വാങ്ങി നല്‍കി. ഇതിലൊരു പങ്ക് രാജേഷും കൈപ്പറ്റി.
മൂന്നുവര്‍ഷം മുമ്പ് തൃക്കുന്നപ്പുഴ സ്റ്റേഷനിലത്തെിയ പ്രദീപ് ഒരു അപകട കേസുമായി ബന്ധപ്പെട്ടാണ് ശരണ്യയുമായി പരിചയത്തിലാകുന്നത്. ശരണ്യയുടെ വലയില്‍ കുടുങ്ങിയ പ്രദീപും പിന്നീട് തട്ടിപ്പില്‍ പങ്കാളിയാകുകയായിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ ഫോണില്‍ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞിരുന്നത് പ്രദീപാണെന്നാണ് സംശയം. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ ആറുമാസം മുമ്പ് എത്തിയ പരാതി ഒതുക്കിതീര്‍ത്തത് പ്രദീപായിരുന്നു. സ്റ്റേഷനില്‍ പരാതി സ്വീകരിക്കാതെ 10 ലക്ഷത്തോളം രൂപയുടെ ഇടപാടാണ് പുറത്തുവെച്ച് തീര്‍ത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.