വിവരാവകാശ കമീഷനില്‍ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്നതിനെതിരെ പ്രതിഷേധം

കോഴിക്കോട്: വിവരാവകാശ കമീഷനില്‍ അംഗങ്ങളായി രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വിവരാവകാശ കൂട്ടായ്മ. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്യുന്നവരെ അംഗങ്ങളാക്കുന്ന മുന്‍കാല പ്രവണതക്ക് തടയിടാനാണ് അംഗങ്ങളുടെ നാല് ഒഴിവുകളിലേക്ക് കൂട്ടത്തോടെ അപേക്ഷ സമര്‍പ്പിക്കാന്‍ വിവരാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം നിരവധി പേരാണ് ഇതുവരെ അപേക്ഷിച്ചത്. നിയമം, മാധ്യമപ്രവര്‍ത്തനം, മാനേജ്മെന്‍റ് ഉള്‍പ്പെടെ ഏഴ് മേഖലകളിലെ അറിവും അനുഭവജ്ഞാനവുമാണ് യോഗ്യത. റിട്ട. എസ്.പി അന്‍വര്‍ സാഹിബ്, കണ്‍സ്യൂമര്‍ എജുക്കേഷന്‍ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പന്‍, ആലുവ സ്വദേശി അഡ്വ. അബ്ദുല്ല, ആലപ്പുഴ എസ്.ഡി കോളജിലെ റിട്ട. പ്രഫസര്‍ ഡോ. ജി. ബാലചന്ദ്രന്‍, എല്‍എല്‍.എം ഒന്നാം റാങ്കുകാരി എം.ഡി. സുനിതാബീഗം, വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി ബിനു തുടങ്ങിയവരാണ് അപേക്ഷ നല്‍കിയത്.  
കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെ കുത്തിനിറച്ച് നിയമനം നടത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. കമീഷന്‍ അംഗങ്ങളുടെ നിയമനം പൊതുവിജ്ഞാപനത്തിലൂടെ സുതാര്യമാകണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്ന് ഇത്തവണ ആദ്യമായി സര്‍ക്കാര്‍ പത്രപരസ്യം ചെയ്തതോടെയാണ് വിവരാവകാശ പ്രവര്‍ത്തകള്‍ അപേക്ഷ നല്‍കിയത്.
സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് ആറാഴ്ചക്കകം വിജ്ഞാപനം പുറത്തിറക്കി നിയമനം നടത്തണമെന്ന ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്‍െറ വിധിയിലാണ് സര്‍ക്കാര്‍ പൊതുവിജ്ഞാപനമിറക്കിയത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ എന്നിവര്‍ അപേക്ഷ പരിശോധിച്ച് പട്ടിക തയാറാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരടങ്ങിയ ഉന്നതാധികാര സമിതിക്ക് കൈമാറും.
 ഇവര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് ഗവര്‍ണറാണ് നിയമനം നടത്തുക. വിവരാവകാശ കമീഷന്‍ അംഗങ്ങളാവുന്നവര്‍ ജനപ്രതിനിധികളോ മറ്റേതെങ്കിലും ആദായകരമായ ഉദ്യോഗം വഹിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് ബന്ധപ്പെട്ടിരിക്കുകയോ ബിസിനസ് നടത്തിക്കൊണ്ടിരിക്കുകയോ തൊഴിലില്‍ തുടരുകയോ ചെയ്യാന്‍ പാടില്ളെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍, മുഖ്യ വിവരാവകാശ കമീഷന്‍ ഉള്‍പ്പെടെ ഓരോ അംഗങ്ങളും എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് രാഷ്ട്രീയ പിന്തുണയോടെ നിയമിക്കപ്പെട്ടവരാണ്. ഇതിനെതിരെയാണ് നാഷനല്‍ കാമ്പയിന്‍ ഫോര്‍ പീപ്ള്‍സ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ (എന്‍.സി.പി.ആര്‍.ഐ) എന്ന കൂട്ടായ്മ കൂട്ടത്തോടെ അപേക്ഷ സമര്‍പ്പിച്ചത്. സംസ്ഥാന വിവരാവകാശ കമീഷനില്‍ ഇപ്പോള്‍ മുഖ്യ കമീഷണര്‍ സിബി മാത്യൂസ് മാത്രമാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.