കെ.എം.എം.എല്ലിനെ നഷ്ടത്തിലാക്കിയത് ബോധപൂര്‍വമെന്ന് മുന്‍ അക്കൗണ്ടന്‍റിന്‍െറ വെളിപ്പെടുത്തല്‍

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിനെ കടക്കെണിയിലാക്കിയത് ബോധപൂര്‍വമായ ഇടപെടലുകളിലൂടെയാണെന്ന് മുന്‍ അക്കൗണ്ടന്‍റ് എം. രവീന്ദ്രന്‍െറ വെളിപ്പെടുത്തല്‍. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് റിട്ടയേഡ് അക്കൗണ്ടന്‍റ് എം. രവീന്ദ്രന്‍ കോടികളുടെ അഴിമതിക്കഥകള്‍ വെളിപ്പെടുത്തിയത്. രവീന്ദ്രന്‍ 1984 മുതല്‍ 2014 വരെയാണ് അക്കൗണ്ടന്‍റായി ജോലി ചെയ്തത്.

1997 മുതല്‍ സ്ഥാപനത്തില്‍ അഴിമതി അരങ്ങേറുന്നുവെന്ന് രവീന്ദ്രന്‍ പറയുന്നു. ടൈറ്റാനിയം ഡൈഓക്സൈഡ് പിഗ്മെന്‍റിന്‍െറ വില്‍പനയിലാണ് ഏറ്റവും വലിയ അഴിമതി. ഇടപാടുകാരുമായി മുന്‍കൂര്‍ ധാരണയിലത്തെിയശേഷമാണ് ഉല്‍പന്നത്തിന്‍െറ വിലകുറക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ടൈറ്റാനിയം ഡൈഓക്സൈഡ് പിഗ്മെന്‍റിന്‍െറ വില ഉയര്‍ന്നുനിന്നപ്പോള്‍വരെ കെ.എം.എം.എല്‍ ഉല്‍പന്നത്തിന് വിലകുറച്ചിട്ടുണ്ട്.

ടൈറ്റാനിയം ഡൈഓക്സൈഡ് പിഗ്മെന്‍റിന് ഒരു ടണ്ണിന് 1,41,000 രൂപയാണ് വില; ഉല്‍പാദന ചെലവ് 1,71,000 രൂപയും. ത്സഇപ്പോള്‍ കമ്പനിയില്‍ 8600 ടണ്‍ ഉല്‍പന്നം കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍, ഒരു വര്‍ഷം 2.5 ലക്ഷം ടണ്‍ പിഗ്മെന്‍റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നിരിക്കെയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന 30,000 ടണ്‍ കെ.എം.എം.എല്ലിന് വില്‍ക്കാന്‍ കഴിയാത്തത്. നിലവില്‍ 28 കോടിയാണ് കെ.എം.എം.എല്ലിലെ കടം. സേലത്തുള്ള സ്വകാര്യ കമ്പനിയില്‍നിന്ന് പെട്രോളിയം കോക്ക് വാങ്ങിയതിലും കോടികള്‍ തട്ടിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കമ്പനിക്ക് ഭൂമി വിട്ടുകൊടുത്തവരുടെ ലിസ്റ്റില്‍ കമീഷന്‍ വാങ്ങി ആളുകളെ ഉള്‍പ്പെടുത്തി.ത്സ ട്രേഡ് യൂനിയന്‍ നേതാക്കളാണ് ഇതില്‍ അഴിമതി നടത്തിയത്. സി.ബി.ഐ അന്വേഷണം ഉണ്ടായാല്‍ തെളിവ് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.അഴിമതിക്കഥകള്‍ പുറത്തുപറയുമെന്ന് കരുതി തനിക്ക് വധഭീഷണിയുണ്ട്. വിവരാവകാശപ്രകാരം ചില രേഖകള്‍ സംഘടിപ്പിച്ചതോടെയാണ് ഇത് തുടങ്ങിയത്. രാസ ഉല്‍പന്നങ്ങള്‍ക്കുവേണ്ടിയുള്ള കുളംനിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സിന് പരാതി നല്‍കിയതിന് 1997ല്‍ തന്നെ സസ്പെന്‍ഡ് ചെയ്തു. മാപ്പ് എഴുതിവാങ്ങിയാണ് തിരിച്ചെടുത്തത്. അതിനാല്‍ 6000 രൂപ ഇന്നും പെന്‍ഷനില്‍ കുറവുണ്ട്. പെട്രോളിയം കോക്ക് അഴിമതിയെക്കുറിച്ച് നേരത്തേ മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.