ആരെയും രാജ്യദ്രോഹികളാക്കാവുന്ന കാലം –സച്ചിദാനന്ദന്‍

തൃശൂര്‍: ആരെയും രാജ്യദ്രോഹികളായി മുദ്ര കുത്താവുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കവി കെ. സച്ചിദാനന്ദന്‍. ഇത്തരമൊരു കാലത്ത് ജനാധികാരം സംബന്ധിച്ച ധാരണകള്‍ വിപുലമാകണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ജനനീതി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ച ‘ഫാഷിസവും പ്രതിരോധവും’ പ്രഭാഷണ പരമ്പരയില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടക്കി ഭരിക്കലല്ല. സാമൂഹികസമത്വം ഇല്ലാത്തിടത്തോളം ജനാധിപത്യം അര്‍ഥരഹിതമാണ്. ഭരണഘടനയുടെ പ്രധാന മഹത്വം മതം നോക്കാതെയുള്ള ധാര്‍മികതയാണ്. മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കലാണ് സഹിഷ്ണുത. ജനാധിപത്യത്തിന്‍െറ മൗലികതയാണ് മതേതരത്വം. ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദുത്വത്തിലൂന്നുന്ന ദേശീയത മുസ്ലിം അടക്കം ന്യൂനപക്ഷങ്ങളെ ബഹിഷ്കരിക്കുന്നതാണ്. അത് ചരിത്രത്തെയും സംസ്കാരത്തെയും തിരുത്തും. കലാകാരന്മാരെയും ബുദ്ധിജീവികളെയും എഴുത്തുകാരെയും നിശ്ശബ്ദരാക്കും. അവാര്‍ഡ് തിരിച്ചുനല്‍കുന്നവരെ ദേശദ്രോഹികളെന്ന് പരിഹസിക്കും. ഷാരൂഖ് ഖാനെ പോലുള്ളവരോട് പാകിസ്താനിലേക്ക് പോകാനാവശ്യപ്പെടും.

 ബാബരി മസ്ജിദ് തകര്‍ത്തത് ഭരണഘടനാലംഘനമാണ്. അയോധ്യ രാമജന്മഭൂമിയാണെന്നതിന് ചരിത്രപരമായ തെളിവില്ല. ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഇതരമതസ്ഥരുടെ കച്ചവടം പാടില്ളെന്ന കുമ്മനത്തിന്‍െറ പ്രസ്താവനക്ക് പിന്നില്‍ സാമ്പത്തിക ലക്ഷ്യവുമുണ്ട്. ഇതര മതസ്ഥരുടെ ആഘോഷങ്ങള്‍ പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. നാം ശത്രുവിനെ അന്വേഷിക്കേണ്ടത് നമ്മില്‍ തന്നെയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ‘അവര്‍’ എന്ന കവിത ചൊല്ലിയാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്. ഐ. ഗോപിനാഥ് എഡിറ്റ് ചെയ്ത ‘ബീഫിന്‍െറ രാഷ്ട്രീയം’ എന്ന പുസ്തകം സംവിധായകന്‍ കെ.പി. ശശിക്ക് നല്‍കി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. പ്രഫ. കുസുമം അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.