‘പോസ്കോ’ നിയമം: വലയില്‍ കുരുങ്ങുന്നത് അധികവും ആദിവാസികള്‍

മലപ്പുറം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി കൊണ്ടുവന്ന ‘ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടി’ല്‍ (പോസ്കോ -2012) കേരളത്തില്‍ കുരുങ്ങുന്നത് അധികവും ആദിവാസികള്‍. പണിയ, കാട്ടുനായ്ക്ക ഗോത്ര വിഭാഗത്തില്‍പെട്ട നിരവധി യുവാക്കളാണ് ജയിലില്‍ കഴിയുന്നത്. അടുത്തിടെ വയനാട്ടിലെ ഒരു പണിയ യുവാവിന് ലഭിച്ച ശിക്ഷ പത്തുവര്‍ഷം കഠിന തടവാണ്. കുളിയന്‍െറ മകന്‍ ബാബു എന്ന യുവാവ് ഒരുവര്‍ഷത്തോളം വൈത്തിരി സബ്ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷമാണ് ശിക്ഷിക്കപ്പെട്ടത്. ബാബു ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഗോത്രാചാരപ്രകാരം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതായിരുന്നു. എന്നാല്‍, വധുവിന് 18ല്‍ താഴെയായിരുന്നു പ്രായം. ഗര്‍ഭിണിയായപ്പോള്‍ ഡോക്ടറെ കാണിച്ചു.

ഡോക്ടറുടെ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ള്യു.സി) ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയിലും ആദിവാസികള്‍ക്കിടയില്‍നിന്ന് ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, വിവാഹ സംബന്ധമായ കേസുകള്‍ കുറവാണെന്നും സി.ഡബ്ള്യു.സി ജില്ലാ ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമത്തെ മറികടക്കാന്‍ കഴിയില്ളെന്നും നിയമം നടപ്പാക്കുന്നുണ്ടോ എന്നതാണ് തങ്ങളുടെ പരിധിയില്‍വരുന്ന കാര്യമെന്നും വയനാട് സി.ഡബ്ള്യു.സി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം പറഞ്ഞു.

വയനാട് തിരുനെല്ലി അരണപ്പാറ കറപ്പന്‍കോളനിയിലെ ദുരിതം പേറുന്ന 24കാരിയുടെ മൂത്ത കുട്ടിയുടെ പ്രായം ഒമ്പതാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 14ാം വയസ്സില്‍ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇതോടെ യുവതി ഉപജീവനത്തിന് മാര്‍ഗമില്ലാതെ ദുരിതം പേറുകയാണ്. 12 വയസ്സുള്ള ആദിവാസി ബാലിക ഗര്‍ഭിണിയായ മറ്റൊരു സംഭവത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്നുതന്നെയുള്ള 26കാരനാണ് പ്രതി. ദേശീയ തലത്തിലും പോസ്കോ കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണ്. എന്നാല്‍, തെളിവിന്‍െറയും സാക്ഷികളുടെയും അഭാവത്തില്‍ വലിയൊരു ശതമാനം കേസുകള്‍ വിട്ടുപോവുകയാണ്. കര്‍ണാടകയില്‍ ഇത് 90 ശതമാനം വരെയാണെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍ ചെറുപ്രായതില്‍തന്നെ വിവാഹങ്ങള്‍ പാരമ്പര്യമായി നടക്കുന്നുണ്ട്.

2012ലെ നിയമം വന്നശേഷം ഇത് കുറ്റകൃത്യമായി നിയമത്തിനുമുന്നില്‍ വരികയാണ്. കേസില്‍പെടുന്നവര്‍ വര്‍ഷങ്ങളായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്നു. ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതും അജ്ഞതയും സ്വന്തം ഭൂമിയില്ലാത്തതിനാല്‍ നികുതി രശീതിയില്ലാത്തതും ജാമ്യത്തിന് തടസ്സമാവുന്നു. സ്വന്തം ജാമ്യം നല്‍കുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. യുവാക്കള്‍ ജയിലിലാകുന്നതോടെ അവരുടെ കുടുംബം തകര്‍ന്നുപോകുന്ന സാഹചര്യമുണ്ടെങ്കിലും ഇത് ഉയര്‍ന്ന വേദികളിലൊന്നും ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ആദിവാസികള്‍ പോസ്കോയുടെ ഇരകളാകുന്ന കാര്യം സംസ്ഥാന തലത്തില്‍തന്നെ ഉന്നയിക്കുമെന്നും അങ്ങേയറ്റം കരുണയുടെ മുഖം എടുക്കാന്‍ ശ്രമിക്കുമെന്നും ഫാ. തോമസ് ജോസഫ് തേരകം അഭിപ്രായപ്പെട്ടു.

വിവിധ ജില്ലകളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമ സംഭവങ്ങള്‍ പലപ്പോഴും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുന്നതായി ചൈല്‍ഡ് ലൈന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പോസ്കോ നിയമം
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് 2012ല്‍ പാസാക്കിയ പുതിയ നിയമമാണ് പോസ്കോ(‘ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്). 18 വയസ്സിന് താഴെയുള്ളവര്‍ക്കെതിരായ എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്ന ചിത്ര പ്രചാരണവും മറ്റും ഈ നിയമത്തിന്‍െറ പരിധിയില്‍ വരും. സെക്ഷന്‍ മൂന്ന് പ്രകാരം ഏഴുവര്‍ഷം തടവും പിഴയുമാണ് കുറഞ്ഞ ശിക്ഷ. ഇത് ജീവപര്യന്തം വരെയാവാം. സെക്ഷന്‍ അഞ്ച് പ്രകാരം ഏറ്റവും ചുരുങ്ങിയ ശിക്ഷ 10 വര്‍ഷമാണ്. സബ് ഇന്‍സ്പെക്ടറില്‍ കുറയാത്ത വനിതാ പൊലീസ് ഓഫിസറാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്.

യൂനിഫോം ധരിക്കാതെയായിരിക്കണം ഓഫിസര്‍ മൊഴിയെടുക്കേണ്ടത്. ഇതിന്‍െറ പേരില്‍ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല. വനിതാ മെഡിക്കല്‍ ഓഫിസര്‍ പരിശോധിക്കണം. പെണ്‍കുട്ടിയുടെ പേര്, വിലാസം എന്നിവ മാധ്യമങ്ങള്‍ക്ക് പരസ്യപ്പെടുത്തണമെങ്കില്‍ വിചാരണ നടത്തുന്ന സ്പെഷല്‍ കോടതിയുടെ അനുമതി വാങ്ങണം. അല്ളെങ്കില്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും. ചൂഷണം ചെയ്യപ്പെട്ട വിവരം മറച്ചുവെച്ചാല്‍ ആറുമാസംവരെ തടവ് അനുഭവിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.